Chat With Bonny Mary Mathew
മിസ് കേരള മത്സരത്തില്‍ ഓഡിയന്‍സിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ച പാര്‍ട്ടിസിപ്പന്റാണ് ബോണി മേരി മാത്യു. മത്‌സരത്തില്‍ സെക്കന്റ് റണ്ണര്‍ അപ്പ് ആയ ബോണി ഈ വിജയത്തെ കുറിച്ച് പറയുന്നതു കേള്‍ക്കാം.
തീര്‍ച്ചയായും എന്നേയും അത്ഭുതപ്പെടുത്തുന്ന വിധമായിരുന്നു ഓഡിയന്‍സിന്റെ സപ്പോര്‍ട്ട്. ശരിക്കു പറഞ്ഞാല്‍ ഓരോ റൗണ്ട് കഴിയുന്തോറും ഇത് കൂടി വന്നതേയുള്ളു. ഇതായിരുന്നു എന്റെ വിജയം. എല്ലാവരും അത്രമാത്രം എന്നില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു എന്നു തോന്നുന്നു. ഇതില്‍ പരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു.
ഈ മത്സരം ബോണിയില്‍ എന്തൊക്കെ മാറ്റം വരുത്തി?
നമ്മള്‍ നല്ലതും, മോശപ്പെട്ടതുമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരും. അതനുസരിച്ച് ജീവിതത്തെ മാറ്റിയെടുക്കാനാവണം. ഏഴു ദിവസമായിരുന്നു പരിശീലനം. ചില ദിവസങ്ങളില്‍ രാവിലെ ആറിന് എഴുന്നേറ്റാല്‍ പുലര്‍ച്ചെ മൂന്നു മണിക്കാവും കിടക്കുന്നത്. ഇത് ജോലിയുടെ സമ്മര്‍ദ്ദത്തെ കുറിച്ച് നമ്മളെ ബോധവാന്‍മാരാക്കും.
മറ്റൊന്ന് എത്ര ചിരിച്ചാലും കളിച്ചാലും വന്നിരിക്കുന്ന ഒരോരുത്തരും നമ്മുടെ എതിരാളികളാണെന്ന സത്യം അറിയാം. അത് മറന്ന് പെരുമാറാന്‍ ആവണം. നമ്മളിലെ നല്ലതിനേയും ചീത്തയേയും തിരിച്ചറിയാനുള്ള അവസരമാണിത്. നമ്മളെ തന്നെ കണ്ടെത്താനുള്ള ഒരവസരമായിട്ടാണ് എനിക്കു തോന്നിയത്.
വിജയം സ്വന്തമാക്കിയ അവസരത്തില്‍ ആദ്യം ആരെ കാണണമെന്നാണ് തോന്നിയത്?
ഞാന്‍ ആദ്യം ദൈവത്തിനു നന്ദി പറയുകയാണ് ചെയ്‌തത്. പിന്നീട് വേദിയില്‍ നിന്നിറങ്ങി അച്ഛനമ്മമാരേയും കൂട്ടുകാരെയും കണ്ടു.അവരാണല്ലോ എന്നെ ഇത്രയൊക്കെ ആക്കിയത്.
ഏറ്റവും സുന്ദരിയായി തോന്നിയത് ഏതു റൗണ്ടിലാണ്?
എലഗന്റ് എന്ന് പലരും പറഞ്ഞത് ഗൗണ്‍ റൗണ്ടായിരുന്നു.ഞാന്‍ വളരെ സ്ലിം ആയതിനാല്‍ ഒട്ടും വൃത്തികേടു തോന്നിയില്ല. കോറല്‍ കളറിലുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ ആയിരുന്നു ധരിച്ചത്.
മറ്റെന്തൊക്കെയാണ് ഹോബികള്‍?
ഞാന്‍ കൈ വയ്‌ക്കാത്ത മേഖലകളില്ലെന്നു പറയുന്നതാവും സത്യം. സ്‌ക്കൂളില്‍ സ്‌പോര്‍ട്ട്‌സ് ആയിരുന്നു താത്‌പര്യം. ഇപ്പോള്‍ കോളജില്‍ കുറച്ചു മോഡലിങ്ങ്, ഒരു ആല്‍ബം(കോഫി അറ്റ് എംജി റോഡ്) കുറച്ചു ഡാന്‍സ്, പാട്ട് കൂടാതെ ആര്‍ട്ട്‌സ് ക്ലബ്ബ് സെക്രട്ടറിയുമാണ്.
ഇതില്‍ എന്താണ് പ്രൊഫഷനാക്കാന്‍ ആഗ്രഹിക്കുന്നത്?
അങ്ങനെ ഞാന്‍ ഒരിക്കലും തീരുമാനിക്കാറില്ല. കാരണം ഞാന്‍ കരുതിയിരുന്നത് ഡിഗ്രി ചെയ്യാന്‍ പുറത്ത് എവിടെയെങ്കിലും പോകുമെന്നാണ്. അതല്ല സംഭവിച്ചത്. അപ്പോള്‍ തമ്പുരാന്‍ എന്നില്‍ എന്തോ കരുതിയിട്ടുണ്ട്. അതും വരുന്നതു പോലെ വരട്ടെ എന്നാണ് വിചാരിക്കുന്നത്. ഈ മിസ്സ് കേരള മത്സരം പോലും എന്റെ സ്വപനത്തില്‍ ഉണ്ടായിരുന്നില്ല.
ഏറ്റവും നന്നായി പറയാന്‍ കഴിഞ്ഞ ഉത്തരം ഏതാണ്?
ഇത്തരം ഒരു ഷോയില്‍ ഒരു കുട്ടിക്ക് മാതാപിതാക്കളേയും സമൂഹത്തേയും പറഞ്ഞു മനസ്സിലാക്കി എങ്ങനെ പങ്കെടുക്കാനാവും എന്ന്‍ ഒരു ചോദ്യമുണ്ടായിരുന്നു. നമുക്ക് ഒരു തവണയേ ജീവിച്ച് മരിക്കാനാവു. നമ്മുടെ വ്യക്തിത്വവും മൂല്യവും പ്രദര്‍ശിപ്പിക്കാന്‍ ഈ മത്‌സരം സഹായിക്കുമെങ്കില്‍ ഇതില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ് എന്നു ഞാന്‍ നല്‍കിയ ഉത്തരം.
ബോണി എന്ന പേരിന്റെ അര്‍ഥം?
ബോണിയെന്നാല്‍ ബ്യൂട്ടിഫുള്‍ ഹെല്‍ത്തി എന്നാണര്‍ത്ഥം. യു. എസിലുള്ള എന്റെ ആന്റിയാണ് ഈ പേരിട്ടത്. എന്റെ ഈ വിജയമറിഞ്ഞ് എല്ലാവരോടും ഞാനാണ് അവള്‍ക്കു പേരിട്ടതെന്ന് പറയുകയാണ് ആന്റി. ഫാമിലി മുഴുവന്‍ ഭയങ്കര സന്തോഷത്തിലാണിപ്പോള്‍. അമ്മ മേരി, അച്ഛന്‍ മാത്യു. തൃക്കാക്കരയിലാണ് ഞങ്ങള്‍ താമസം. ചേട്ടന്‍ ബോബന്‍, ഏക സഹോദരി ബോബി യു.എസിലാണ്.
എന്താണ് ശരിയായ സൗന്ദര്യം?
എന്നെ സംബന്ധിച്ച് ഞാന്‍ ശാരീരികമായി വലിയ സുന്ദരിയാണെന്നു തോന്നുന്നില്ല. ഡസ്‌കി സ്‌ക്കിന്‍, ഡാര്‍ക്ക് കളര്‍ പിന്നെ നീളമുള്ള മുടിയുമല്ല. ഞാന്‍ പണ്ട് വളരെ വണ്ണമുള്ള ആളായിരുന്നു, 65 കിലോ. ഇരുപതു കിലോ പട്ടിണി കിടന്നു കുറയ്‌ക്കുകയായിരുന്നു. എന്റെ അഭിപ്രായത്തില്‍ നമുക്ക് എന്തു ജോലിയും ചെയ്യാം. പക്ഷെ നമ്മുടേതായ ഒരു സ്റ്റൈല്‍ ഉണ്ടാക്കാനാവണമെന്നു മാത്രം. ഇന്നു വരെ ഞാന്‍ കൈ വച്ച മേഖലകളിലെല്ലാം എനിക്കു വിജയിക്കാനായിട്ടുണ്ട്. ഇത് ദൈവത്തിന്റെ സഹായമാണ്.
കോളജില്‍ നിന്നുള്ള പ്രതികരണം എങ്ങനെയായിരുന്നു?
ഞാനിപ്പോള്‍ സെന്റ് തെരേസാസില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിക്കുന്നു. കോളജില്‍ നിന്നും വളരെ പ്രോത്സാഹനമായിരുന്നു. ടീച്ചേഴ്‌സ്, പ്രിന്‍സിപ്പല്‍, ഫ്രണ്ട്‌സ് എല്ലാവരും ചോദിച്ചത് നിനക്ക് ഈസിയായി മിസ് കേരള സ്വന്തമാക്കാമായിരുന്നല്ലോ എന്നിട്ടെന്തു പറ്റി എന്നാണ്.
ജീവിതത്തെ കുറിച്ചുള്ള കാഴ്‌ചപ്പാട് എന്താണ്?
എപ്പോഴും ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് ജീവിക്കാനാണ് എനിക്കിഷ്‌ടം. കാരണം ഈ ലോകത്ത് ഓരോരുത്തരും എത്തിയിരിക്കുന്നത് ചില ഉത്തരവാദിത്വങ്ങളുമായാണ്. അതു എന്തു തന്നെയായാലും ചെയ്യണം. ജീവിതം വിലപ്പെട്ടതാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. നമ്മള്‍ അതിനു വേണ്ടി തയ്യാറായിരിക്കണം.
| Savitha Sijo


Congrats 4 winning the title