HOME

Geethu Christy Speaks

Geethu Christy

Geethu Christy (CLICK IMAGE TO SEE GALLERY)

മിസ് കേരള മത്സരത്തില്‍ പങ്കെടുക്കുക എന്നത്‌ കുറെ നാളായി കൊണ്ടു നടന്ന സ്വപ്‌നമായിരുന്നു. ഇതിനു മുന്‍പു പല തവണ അപേക്ഷ കൊടുക്കാന്‍ ഒരുങ്ങിയെങ്കിലും നടന്നില്ല. ഇപ്പോഴാണ്‌ എന്റെ സമയം ആയതെന്ന്‌ തോന്നുന്നു. മിസ് കേരള ഫസ്‌റ്റ് റണ്ണര്‍ അപ്പ്‌ ഗീതു ക്രിസ്റ്റി പറയുന്നു.

ഓരോ റൗണ്ടും പിന്നിട്ട്‌ വരുമ്പോള്‍ എന്താണ്‌ തോന്നിയത്‌?
ഈ റൗണ്ടും വിജയിച്ചല്ലോ എന്നതിനപ്പുറം ആ സമയത്ത്‌ ഒന്നും തോന്നില്ല. കാരണം അപ്പോള്‍ അടുത്ത റൗണ്ടിനെ കുറിച്ചാവും ചിന്ത. കൂട്ടുകാരെല്ലാം ലൈവായി മത്സരം കാണുന്നുണ്ടെന്ന്‌ എനിക്കറിയില്ലായിരുന്നു. ക്രൗണ്‍ കിട്ടിക്കഴിഞ്ഞ്‌ മൊബൈല്‍ എടുത്തു നോക്കുമ്പോള്‍ 45 മിസ്ഡ്‌കോളും കുറെ മെസേജുകളും. അവര്‍ കാണുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ എനിക്ക്‌ ഭയങ്കര സന്തോഷം തോന്നി.

ഇത്തരം ഒരു മത്സരത്തില്‍ ആദ്യമാണോ?
അല്ല, ഞാന്‍ സ്‌കൂള്‍ തലം തൊട്ടേ ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുകയും കുറച്ചു മോഡലിങ് നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്‌. 2008-ല്‍ മെട്രോക്യൂന്‍ ആയിരുന്നു. പിന്നെ കോളജിലും മത്സരങ്ങളിലൊക്കെ പങ്കെടുക്കാറുണ്ട്‌.

എന്തൊക്കെ തയാറെടുപ്പുകള്‍ നടത്തി?
അങ്ങനെ വലിയ തയാറെടുപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ടാലന്റ്‌ റൗണ്ടിനായി കുറച്ചു തയാറെടുത്തിരുന്നു എന്നു മാത്രം. മത്സരത്തിനെത്തി കഴിഞ്ഞുള്ള ഗ്രൂമിങ്ങ്‌ സെഷനാണ്‌ നമ്മളെ മാറ്റിയെടുക്കുന്നതില്‍ വലിയൊരു റോള്‍. ഏഴു ദിവസം കൊണ്ട്‌ ഒത്തിരി കാര്യങ്ങള്‍ പഠിക്കാനാവും. ഭാവിയിലും നല്ല ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ പഠിക്കും; കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടാകും.

എന്തൊക്കെയാണ്‌ ഗ്രൂമിങ്ങ്‌ സെഷനില്‍ നിന്നു പഠിക്കുന്നത്‌?
നമ്മള്‍ സ്റ്റേജില്‍ ചെല്ലുമ്പോള്‍ എങ്ങനെ പെരുമാറണം, എങ്ങനെ സംസാരിക്കണം, എങ്ങനെ ഉത്തരം പറയണം, നടക്കണം എന്നു തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി ഷെഡ്യൂള്‍ ചെയ്‌തിരിക്കും. നമ്മുടെ സ്‌ക്കിന്‍, ഹെയര്‍, ഫുഡ്‌ എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പ്രത്യേകം ഡോക്‌ടര്‍മാരും ഉണ്ട്‌. ഇതോടെ നമ്മുടെ ജീവിത രീതിക്കു തന്നെയാണ്‌ മാറ്റം വരുന്നത്‌.

മോഡലിങ്ങ്‌, സിനിമ ഇതൊക്കയാണോ തുടര്‍ന്നുള്ള സ്വപ്‌നം?
അതൊന്നും തീരുമാനിച്ചിട്ടില്ല. വരുന്നതു പോലെ വരട്ടെയെന്നാണ്‌ കരുതുന്നത്‌. ഇപ്പോള്‍ ഞാന്‍ എം.ബി.എ കോച്ചിങ്ങിനു പോകുന്നുണ്ട്‌. കൂടാതെ തിരുവന്തപുരം ഓള്‍ സെയിന്റ്‌ കോളേജില്‍ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്‌. പഠനം പൂര്‍ത്തിയാക്കണം എന്നാണ്‌ ആഗ്രഹം. എന്നാല്‍ നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഒരിക്കലും പാഴാക്കില്ല.

റോള്‍ മോഡല്‍സ്‌ ആരെങ്കിലും ഉണ്ടോ?
റോള്‍ മോഡല്‍സ്‌ ആരുമില്ല. എല്ലാവരിലും എന്തെങ്കിലും നന്മയും തിന്മയും കാണും. നല്ലതു തിരഞ്ഞെടുത്ത്‌ ചീത്തയെ തള്ളിക്കളയുക എന്നതാണ് എന്റെ പോളിസി.

ജീവിതത്തില്‍ മുന്‍ഗണന നല്‍കുന്നത്?
വ്യക്തിത്വത്തിനാണ്‌ ഞാന്‍ മുന്‍ഗണന നല്‍കുന്നത്‌. എന്തു കാര്യം ചെയ്‌താലും ആത്മാര്‍ത്ഥയോടെയും, വ്യക്തിത്വത്തെ മോശമാക്കാതെയും ചെയ്യുക.

പുതിയ ഫാഷനൊക്കെ ശ്രദ്ധിക്കാറുണ്ടോ?
ശ്രദ്ധിക്കാറുണ്ട്‌. എന്നാല്‍ അതിന്റെ പിന്നാലെ പോകുന്ന സ്വഭാവമില്ല. എനിക്കെന്താണോ ചേരുന്നത്‌ അതാണ്‌ ഞാന്‍ തിരഞ്ഞെടുക്കുക.

ബാഗില്‍ നിന്നും ഒഴിച്ചു കൂടാനാവാത്തത്?
ലിപ്‌ഗ്ലോസ്, ഐലൈനര്‍, ഒരു ഇയര്‍റിങ്ങ്‌ ഇവ എപ്പോഴും ഉണ്ടാകും. കണ്ണെഴുതാതെ പുറത്തേയ്‌ക്കിറങ്ങാറില്ല. ലാക്‌മെയുടെ ഐലൈനറാണ്‌ ഉപയോഗിക്കാറുള്ളത്‌. പൊതുവേ ബ്രാന്‍ഡ്‌ നോക്കുന്ന സ്വഭാവക്കാരിയല്ല. നല്ലത്‌ എവിടെ കണ്ടാലും വാങ്ങാറുണ്ട്‌.

ആഭരണ പ്രിയയാണോ?
സന്ദര്‍ഭം അനുസരിച്ചാണ്‌ ആഭരണങ്ങളൊക്കെ ഇടാറുള്ളത്‌. ഇയര്‍റിങ്ങ്‌സ്‌ എനിക്കു വലിയ ക്രേസാണ്‌. തോളില്‍ മുട്ടിക്കിടക്കുന്നതും, ചെറിയ സ്റ്റഡ്‌സുമൊക്കെയായി വലിയൊരു കളക്ഷന്‍ ഉണ്ട്‌.

ഏറ്റവും ഇഷ്‌ടപ്പെട്ട നിറം‍?
എന്നെ എപ്പോള്‍ കണ്ടാലും മെറൂണ്‍ കളറിലായിരിക്കും. സല്‍വാറാണ്‌ കൂടുതലിഷ്‌ടം. ഫസ്റ്റ്‌ റൗണ്ടില്‍ എന്തോ ഭാഗ്യം പോലെ എനിക്കു കിട്ടിയ സാരിയും മെറൂണ്‍ കളര്‍ ആയിരുന്നു.

ക്രൗണ്‍ കിട്ടിയപ്പോള്‍ വീട്ടില്‍ നിന്നുള്ള പ്രതികരണം?
എല്ലാവരും വലിയ സന്തോഷത്തിലാണ്‌. പ്രത്യേകിച്ച്‌ കൂട്ടുകാര്‍‌. അച്ഛന്‍ ക്രിസ്റ്റി ദുബായിലാണ്‌,അമ്മ അനൂജ ക്രിസ്‌റ്റി. ഞങ്ങള്‍ തിരുവന്തപുരത്താണിപ്പോള്‍ താമസം.

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.