HOME

Chat with Rajeev Pillai

Rajeev Pillai (CLICK IMAGE FOR MORE PHOTOS)

Rajeev Pillai (CLICK IMAGE FOR MORE PHOTOS)

മോഡല്‍ എന്നാല്‍ ഒരു സുന്ദരിപ്പെണ്‍കുട്ടിയുടെ രൂപമാണ് മലയാളി മനസില്‍. അതു കൊണ്ടാവും കേരളത്തില്‍ മോഡലിംഗ് കരിയറാക്കുന്ന യുവാക്കള്‍ അധികമില്ലാത്തത്. പ്രതിഫലവും അവര്‍ക്കു കമ്മിയാണ്. എന്നാല്‍ ഈ വിപരീത സാഹചര്യത്തിലും മോഡലിംഗില്‍ മിന്നുന്ന യുവാവാണ് രാജീവ് പിള്ള. ലാക്-മെ ഷോയില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത ഏക വ്യക്‍തി. തന്റെ മോഡലിങ്ങ് സ്വപ്നങ്ങളെ കുറിച്ച് രാജീവ് പറയുന്നു.

നല്ലൊരു ദന്തിസ്റ്റായിട്ടും രാജീവ് എന്തുകൊണ്ടാണ് മോഡലിങ്ങിലേക്ക്  തിരിഞ്ഞത്?
ദന്തിസ്റ്റായി ഞാന്‍ ഇപ്പോഴും പ്രാക്ടീസ് തുടരുന്നുണ്ട്. പക്ഷെ എന്റെ ശരിയായ മേഖല മോഡലിങ്ങ് ആണെന്നാണ് ഞാന്‍ കരുതുന്നത്. കുറെ നാളുകളായി ഞാന്‍ യു കെ യില്‍ ആയിരുന്നു. അവിടെ വച്ചും കുറച്ച് നല്ല റാംപ്‌ഷോസ് ചെയ്തിരുന്നു. പ്രശസ്ത ഏജന്‍സി വൈനോട്ടിലും ഉണ്ടായിരുന്നു.

ലാക് മെ ഷോയില്‍ പങ്കെടുത്തപ്പോഴുള്ള അനുഭവങ്ങള്‍?
ശരിക്കു പറഞ്ഞാല്‍ ഒരു വലിയ സംഘം പ്രശസ്‌തരുടെ നടുവിലാണ്  നാം. എവിടെ നോക്കിയാലും ബോളിവുഡ് സ്റ്റാഴ്‌സ്, പ്രശസ്ത ഡിസൈനേഴ്‌സ്. എല്ലാവരും നമ്മളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു. സെപ്തംബര്‍ 25 മുതല്‍ അഞ്ചു ദിവസമായിരുന്നു ഷോ. കേരളത്തില്‍ നിന്ന് ഞാന്‍ മാത്രം‍. ശരിക്കു പ്രൊഫഷണല്‍ സമീപനമാണവിടെ. റിഹേഴ്‌സല്‍ തന്നെ മുപ്പതു സെക്കന്റേയുള്ളു. നമ്മളോട് ഇങ്ങനെ പോയി ഇങ്ങനെ വരണമെന്നു മാത്രം പറയും. ഓരോരുത്തരും നന്നായി ചെയ്യുമെന്ന് അവര്‍ക്ക് വിശ്വാസമുണ്ട്. ഇന്ദ്രാണി, കൃഷ്ണമേത്താ, അനുജ ശര്‍മ്മ എന്നിങ്ങനെ പ്രശസ്തരായ പലരും പങ്കെടുത്തിരുന്നു.

ഏതൊക്കെ പ്രശസ്ത ഡിസൈനേഴ്‌സിനൊപ്പം പ്രവര്‍ത്തിക്കാനായി ?
മൈക്കിള്‍ജാക്ക്‌സണു വേണ്ടി ഡിസൈന്‍ ചെയ്ത അബ്ദുള്‍ ഹാള്‍ഡര്‍, ദിഗ്‌വിജയ്‌സിങ്ങ്, ബോളിവുഡ് ഡിസൈനര്‍ ട്രോയ് കോസ്റ്റ, ഷന്ദനു നിഖില്‍, ഷന്ദനു ഗോയങ്ക, വിവേക് കരുണാകരന്‍ എന്നിങ്ങനെ നിരവധി പ്രശസ്തര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുളള ഭാഗ്യം ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ മെയില്‍ മോഡല്‍സിനു സാധ്യത കുറവാണോ?
സാധ്യത കുറവാണെന്നല്ല. ഇല്ല എന്നു തന്നെ പറയാം. പിന്നെ ഫീമെയില്‍സിനു 10000 കൊടുക്കുമ്പോള്‍ ഇവിടെ മെയില്‍ മോഡല്‍സിന് നല്‍കുന്നത് വെറും രണ്ടായിരം, മൂവായിരം രൂപയാണ്.  പുറത്താണെങ്കില്‍ ഒന്നര ലക്ഷം രൂപവരെയൊക്കെ നല്ലൊരു ഷോയ്ക്കു കിട്ടും. പാരീസ് പോലുള്ള സ്ഥലങ്ങളില്‍ ഒരു ഷോയില്‍ പങ്കെടുത്താല്‍ നമുക്ക് ജീവിതകാലം മുഴുവന്‍ സുഖമായി കഴിയാം.

കേരളത്തിലെ പുരുഷ മോഡല്‍സില്‍ കണ്ടിരിക്കുന്ന ഏറ്റവും വലിയ പോരായ്മ എന്താണ്?
എനിക്കു തോന്നിയിരിക്കുന്നത് ഭാഷ കൈകാര്യം ചെയ്യാനറിയില്ല എന്നതാണ്. പുറത്തു പോകണമെങ്കില്‍ നല്ല ഭാഷ വേണം. ഇവിടെ പലര്‍ക്കും അതാണു പ്രശ്‌നമാകാറുള്ളത്. പിന്നെ കേരളത്തില്‍ നല്ല മോഡല്‍സ് ഉണ്ടെങ്കിലും ഇവിടെയുള്ളവര്‍ക്ക് കൂടുതല്‍ വിശ്വാസം പുറത്തുള്ളവരെയാണ്. കുറച്ചു നാള്‍ മുന്‍പ് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ പരസ്യം ചെയ്യാനെത്തിയ ഒരു  മോഡലിനെ ഞാന്‍ കണ്ടു. 25000 രൂപയും ഫ്‌ളൈറ്റ് ചാര്‍ജ്ജും കൊടുത്താണ് കൊണ്ടു വന്നത്. അയാളെ കണ്ടപ്പോള്‍ തോന്നിയത് അതിനേക്കാള്‍ എത്ര നല്ല മോഡല്‍സ് നമ്മുടെ കേരളത്തിലുണ്ടെന്നാണ്. വളരാന്‍ നല്ലൊരു സാഹചര്യം കൂടി വേണം.

രാജീവ് ചെയ്ത ഏററവും നല്ല വര്‍ക്കുകള്‍ ?
ഞാന്‍ പരസ്യങ്ങളെക്കാള്‍ റാപ് ഷോസാണ് ചെയ്തിരിക്കുന്നത്. എനിക്ക് താല്പര്യവും അതാണ്. കോയമ്പത്തൂരില്‍ നിന്നും എക്‌സ്‌പോര്‍ട്ടു ചെയ്യുന്ന ടെക്‌സ്റ്റൈല്‍സിനു വേണ്ടി കുറെ പരസ്യം ചെയ്തിട്ടുണ്ട്. കൂടാതെ പിയര്‍ഗാര്‍ഡിയന്‍, മലബാര്‍ ഗോള്‍ഡ്, വിഐപി, ആരോഗ്യം, ഫാസ്ട്രാക്ക് എന്നിവയുടെ കവര്‍ പേജൊക്കെ ചെയ്തിട്ടുണ്ട്.  അറുപതോളം വര്‍ക്കുകള്‍ ചെയ്തു കഴിഞ്ഞു.

നല്ലൊരു പുരുഷ മോഡല്‍ എങ്ങനെയായിരിക്കണം?
ഏതൊരു മോഡലിനും അത്യാവശ്യമായും വേണ്ടത് ആത്മവിശ്വാസമാണ്. നമ്മള്‍ ചെയ്യുന്നത് തെറ്റായിരിക്കാം,  എന്നാല്‍ അത് മറ്റുളളവര്‍ക്കു തോന്നരുത്. ബോംബെ മോഡല്‍സൊക്കെ ഇക്കാര്യത്തില്‍ വളരെ മുന്‍പിലാണ്. മറ്റൊന്ന് നമ്മുടെ സൗന്ദര്യ സങ്കല്‍പ്പമാണ് ചുവന്നു തുടുത്ത് കവിള്‍ ചാടിയിട്ടല്ല ഒരു മോഡലിരിക്കേണ്ടത്. ഏറ്റവും പ്രധാനം ജോ ലൈന്‍ (താടിയെല്ല്) ആണ്. ഇവിടെയുളള പലരുടേയും ജോലൈന്റെ ആകൃതി പോലും അറിയാന്‍ പറ്റാറില്ല. തടി കൂടുന്നതു കൊണ്ടാണിത്. ജോലൈന്‍ വ്യക്തമായിരിക്കണം. പൊക്കം കുറഞ്ഞത് അഞ്ചടി പത്തിഞ്ചു വേണം. ബോഡി നല്ല ഫിറ്റ് ആയിരിക്കണം. നല്ല മസ്സില്‍ വേണം. ഇതിനു വേണ്ടി നല്ല ഭക്ഷണ നിയന്ത്രണം വേണം. ഞാന്‍ ചോറ്, ചിക്കന്‍, മധുരമൊക്കെ ഒഴിവാക്കാറുണ്ട്.
പ്രോട്ടീന്‍ ഫുഡ് കഴിക്കാന്‍ ശ്രദ്ധിക്കണം. നല്ല പോലെ ഓടണം, സ്‌ക്കിന്‍ കാത്തു സൂക്ഷിക്കണം അധികം വെയില്‍ ഏല്‍ക്കാതെ നോക്കണം.

ഡ്രസ്സിങ്ങില്‍ എന്തെങ്കിലും ശ്രദ്ധിക്കാറുണ്ടോ?
ബ്രാന്‍ഡഡ് ആണ് കൂടുതലും ഉപയോഗിക്കാറുളളത്. എന്നാല്‍ ഞാന്‍ ബ്രാന്‍ഡഡ് അല്ലാത്തതാണ് ഇടുന്നതെങ്കിലും പലരും ബ്രാന്‍ഡഡ് ആണെന്നു തെറ്റിദ്ധരിക്കാറുണ്ട്. ഇതാണ് ഇപ്പോഴത്തെ സ്റ്റൈല്‍ എന്നൊക്കെയാണ് പലരും കരുതാറുളളത്.

എന്താണ് സ്വപ്‌നം?
എന്റെ സ്വപ്‌നവും ലക്ഷ്യവും സിനിമയാണ്.  രണ്ടു തമിഴ് പടം ചെയ്തു വരുന്നു. നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

| Savitha Sijo

1 Comment

  1. Pls provide me rajeevs contact number

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.