My Fashion: Manikkuttan

അഭിനയത്തില്‍ മികവു കാട്ടണമെന്ന പോലെ ഫാഷന്റെ കാര്യത്തിലും യുവനടന്‍ മണിക്കുട്ടനു ചില നിര്‍ബന്ധങ്ങളുണ്ട്. അതെന്താണെന്ന് കേള്‍ക്കാം.
ഞാന്‍ പുതിയ ഫാഷനുകള്‍ നല്ലപോലെ ശ്രദ്ധിക്കുന്നൊരാളാണ്. എന്നാല്‍ ഡ്രസ് ചെയ്ത് പുറത്തിറങ്ങുമ്പോള്‍ അയ്യേ, ഇവനൊരു കോമാളിയാണല്ലോ എന്ന് തോന്നരുതെന്ന് നിര്‍ബന്ധമുണ്ട്. ഒരു ഫംഗ്‌ഷന്റെ സ്വഭാവമനുസരിച്ചാണ് അതിനുള്ള ഡ്രസുകള്‍ കണ്ടെത്താറുള്ളത്. ജീന്‍സ്, ടീഷര്‍ട്ട്സ്, ഷര്‍ട്ട്‌സ് എന്നിവയുടെ നല്ല കളക്ഷനുണ്ട്. എനിക്കു ചേരുന്നതേ ഞാന്‍ ഉപയോഗിക്കാറുള്ളു. ഒരെണ്ണം കുറെ തവണ ഉപയോഗിക്കുന്ന സ്വഭാവവുമില്ല. രണ്ടോ മൂന്നോ തവണ ഇട്ടു കഴിയുമ്പോള്‍ ഫ്രണ്ട്‌സിനൊക്കെ കൊടുക്കാറുണ്ട്. നല്ല പോലെ ഡ്രസ് ചെയ്തവരെ കണ്ടാല്‍ ഞാനത് അവരോട് പറയാനും മടിക്കാറില്ല.
ഡ്രസിന്റെ കാര്യത്തില്‍ ബ്രാന്‍ഡഡ് ആവാറുണ്ടോ?
ഞാന്‍ അങ്ങനെ വലിയ ബ്രാന്‍ഡ്‌സ് ഒന്നും നോക്കാറില്ല. പാന്‍ അമേരിക്ക, ലീവ്‌സൊക്കെ ഇഷ്ട ബ്രാന്‍ഡുകളാണ്.
ആക്‌സസറീസ് ഉപയോഗിക്കുന്ന സ്വഭാവമുണ്ടോ?
ആക്‌സസറീസ് ഇട്ടേ പുറത്തിറങ്ങൂ എന്നൊന്നുമില്ല. ഇടയ്‌ക്കൊക്കെ ഒരു മാറ്റത്തിനു വേണ്ടി ഇടാറുണ്ട്. വെറ്റ് ഗോള്‍ഡിലും സില്‍വറിലുമുള്ള ബ്രേസ്‌ലെറ്റ്, ചെയിന്‍ എന്നിവയൊക്കെയാണ് ഇഷ്ടം. ഇത് പലപ്പോഴും ഗിഫ്റ്റ് കിട്ടാറാണ് പതിവ്. അല്ലാതെ വാങ്ങി ശേഖരിച്ച് വച്ച് ഉപയോഗിക്കുന്ന സ്വഭാവമൊന്നുമില്ല.
ഏറ്റവും ഇഷ്ടത്തോടെ കളക്ട് ചെയ്യുന്നത് എന്താണ്?
കൂളിങ്ങ് ഗ്ലാസ് കളക്ട് ചെയ്യാറുണ്ട്. ഫാസ്റ്റ് ട്രാക്ക്, റെയ്ബാനൊക്കെയാണ് സാധാരണ വാങ്ങി സൂക്ഷിക്കാറുളളത്. സ്റ്റൈലിന് എന്നതിലുപരി കണ്ണിന് നല്ലതാണെന്നതു കൊണ്ടു കൂടിയാണ് ഗ്ലാസ്സ് ധരിക്കുന്നത്.
പഴയതിനേക്കാള്‍ ബോഡി ഫിറ്റ് ആയിട്ടുണ്ടല്ലോ?
പണ്ടൊക്കെ രാവിലെ കോളേജില്‍ പോകാറാകുമ്പോഴേ എഴുന്നേല്‍ക്കുമായിരുന്നുള്ളു. പക്ഷേ ഇപ്പോ രാവിലെ തന്നെ എഴുന്നേറ്റ് ജിമ്മില്‍ പോകും. അതിന്റെ ഗുണവുമുണ്ട്.
ഭക്ഷണത്തില്‍ എന്തെങ്കിലും നിഷ്ഠയുണ്ടോ?
മനസ്സു നിറയാനല്ല, വയറു നിറയാനേ കഴിക്കാറുള്ളു. കൂടുതലും പച്ചക്കറിയാണ്. അത് അമ്മയുണ്ടാക്കി തരുന്ന അവിയലും തോരനുമൊക്കയായി കഴിക്കും. പിന്നെ ധാരാളം മീനും. ജ്യൂസ് കാലാവസ്ഥയ്ക്കനുസരിച്ചു കുടിക്കാറുണ്ട്.
| Savitha Sijo
