കാര്‍ത്തികയുടെ സൌന്ദര്യരഹസ്യം
മീശമാധവനില്‍ നമ്മള്‍ കണ്ട നാടന്‍ പെണ്ണല്ല കാര്‍ത്തികയിപ്പോള്‍. വേഷത്തിലും ലുക്കിലും ട്രെന്‍ഡിയായി മാറിയ കാര്‍ത്തികയുടെ സൗന്ദര്യ രഹസ്യങ്ങള്‍ ഇതാ.
മീശമാധവനില്‍ നിന്നും നംന്നാട്ടിലേയ്‌ക്കെത്തിയപ്പോഴേയ്ക്കും ആകെ മാറിപ്പോയല്ലോ?
സിനിമയിലെത്തുന്ന സമയത്ത് പാടത്തും പറമ്പിലും വെയിലു കൊണ്ടു നടന്ന് ആകെ ഒരു കോലമായിരുന്നു. സിനിമയില്‍ എത്തുന്നതോടെ ജീവിതം മാറി, ഇത്തരം അലച്ചിലുകളൊന്നും പിന്നീടില്ല. ഞാന്‍ ആദ്യമായി ത്രെഡു തന്നെ ചെയ്യുന്നത് സിനിമയില്‍ വന്നതിനു ശേഷമാണ്. സത്യം പറഞ്ഞാല്‍ എന്നെ ഇങ്ങനെ മാറ്റിയെടുത്തത് ശോഭാ ആന്റിയാണ് (ശോഭ കുഞ്ചന്‍). ഇപ്പോള്‍ ഞാന്‍ ചെല്ലുമ്പോള്‍ ആന്റി പറയും; എങ്ങനെ വന്ന കുട്ടിയാണ്, ഇപ്പോ എന്തൊരു മാറ്റമാണെന്ന്. ആന്റിയോടാണ് എനിക്കു ചേരുന്നതൊക്കെ ചോദിച്ചു മനസ്സിലാക്കാറുള്ളത്. സിനിമയില്‍ നില്‍ക്കുന്നവര്‍ക്ക് സൗന്ദര്യം ഒരു അവശ്യ ഘടകം തന്നെയാണ്.
ഡ്രസിങ്ങിന്റെ കാര്യത്തില്‍ എന്തെങ്കിലും പ്രത്യേക ഇഷ്ടങ്ങളുണ്ടോ?
എന്തും ട്രൈ ചെയ്തു നോക്കാറുണ്ട്. ഒക്കേഷന്‍ അനുസരിച്ചാണ് ഡ്രസ്സ് തിരഞ്ഞെടുക്കാറുളളത്. എന്റെ ബന്ധുക്കളുടെ കല്യാണത്തിനോ അവരെ കാണാനോ ഒക്കെ പോകുമ്പോള്‍ സാരിയോ, ചുരിദാറോ ആണ് ധരിക്കാറുള്ളത്. കാരണം അവരൊക്കെ എന്നെ ആ വേഷത്തില്‍ കാണാനാണ് ഇഷ്ടപ്പെടുന്നത്. യാത്രയിലൊക്കെ ജീന്‍സും കുര്‍ത്തീസുമൊക്കെ ഇടും. പിന്നെ ഹാഫ്‌സാരി, പാവാടയും ബ്ലൌസും ഇങ്ങനെ എല്ലാം ഓരോ പീസ് എന്റെ കയ്യിലുണ്ട്. അത്യാവശ്യം വന്നാല്‍ അണിയാമല്ലോ.
ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ നോക്കാറുണ്ടോ?
മെറിന്‍ വളരെ പെര്‍ഫക്ടായിട്ട് ഡ്രസ് ധരിക്കുന്നയാളാണ്. അതുകൊണ്ട് എന്റെ കാര്യത്തിലും അങ്ങനെ വേണമെന്നുണ്ടെന്നു തോന്നുന്നു. മെറിന്റെ സഹോദരിയുടെ കല്യാണത്തിന് ഞങ്ങള്‍ ഒരുമിച്ചു പോയാണ് ഡ്രസ് എടുത്തത്. വളരെ റിച്ച് ലുക്കുള്ള, സ്ലീവ്‌ലസ്സ് ഡ്രസ്സാണ് എനിക്കു വേണ്ടി സെലക്ടു ചെയ്തത്. ഞാന്‍ ചോദിച്ചു ഇതു വേണോ ഇതിട്ടാല്‍ അവര്‍ക്കൊക്കെ എന്തു തോന്നുമെന്ന്. നീ ഇതിട്ടാല്‍ ക്യൂട്ടായിരിക്കും, എന്റെ സിസ്റ്ററിന്റെ കല്യാണമല്ലേ എന്നാണ് പറഞ്ഞത്.
യു എസില്‍ നിന്നും ഡ്രസ്സൊക്കെ അയച്ചു തരാറുണ്ടോ?
എന്തെങ്കിലും വേണോന്നു ചോദിച്ചാലും ഞാനൊന്നും പറയാറില്ല. കാരണം കൊണ്ടു വരുന്നത് എനിക്കു ചേരുന്നില്ലങ്കിലോ. സ്‌നേഹത്തോടെ തരുന്നത് ഉപയോഗിക്കാതിരിക്കാനും പറ്റില്ല. എന്റെ ഡ്രസ്സെല്ലാം എനിക്കു തനിയെ കണ്ടെത്താനാണിഷ്ടം. കോസ്മറ്റിക്‌സൊക്കെ അയച്ചു തരും. പിന്നെ വിന്ററില്‍ ഉപയോഗിക്കുന്നൊരു കോട്ടു കൊണ്ടു തന്നു. ഇവിടെ അത് എങ്ങനെ ഇടാനാണ്? ഞാനത് സൂക്ഷിച്ചു വച്ചിട്ടുണ്ട്. അവിടെ ചെല്ലുമ്പോള്‍ ഉപയോഗിക്കാമല്ലോ.
ആഭരണങ്ങള്‍ ഇഷ്‌ടമാണോ?
ചുറ്റിനും ക്യാമറയും ആളുകളും ഇല്ലെങ്കില്‍ ആഭരണങ്ങള്‍ ഒന്നും ഇടാറില്ല. സ്വര്‍ണ്ണമൊക്കെ വാങ്ങി സൂക്ഷിക്കാറുണ്ട്. വളരെ സിംപിള്‍ ആയിട്ടുള്ള ഓര്‍ണമെന്റ്സാണ് കൂടുതലിഷ്ടം.
തനിയെ മേക്കപ്പ് ചെയ്യാറുണ്ടോ?
അപരിചിതനില്‍ ഞാന്‍ തനിയെയാണ് മേക്കപ്പ് ചെയ്തത്. അത്യാവശ്യം മേക്കപ്പ് ചെയ്യാനൊക്കെ അറിയാം. ഷാ ഇക്കയാണ് ആദ്യമായി എന്റെ മുഖത്ത് പൊട്ടുകുത്തുന്നത്. ഇക്കയോട് സംശയം എന്തെങ്കിലുമുണ്ടെങ്കില്‍ ചോദിക്കാറുണ്ട്. എഫ്ടിവി, മാഗസിന്‍സ് ഒക്കെ ശ്രദ്ധിക്കാറുണ്ട്. മാക്കാണ് ഞാന്‍ സാധാരണയായി ഉപയോഗിക്കാറുള്ള ബ്രാന്‍ഡ്. എന്നാല്‍ ഏ.സി ഫ്‌ളോറിലാണെങ്കില്‍ ക്രെയ്‌ലോണ്‍ ആണ് ഇടാറുള്ളത്.
സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതെങ്ങനെയാണ്?
ഫ്രൂട്ട്‌സ്, തൈര്, കടലമാവൊക്കെ മുഖത്തിടാറുണ്ട്. ഇടയ്ക്കു പാര്‍ലറില്‍ പോയി ക്ലീനപ്പ് ചെയ്യും. എന്റെ ചുരുണ്ട മുടി സ്‌ട്രെയിറ്റന്‍ ചെയ്യാറുണ്ട്. വിഗ്ഗൊക്കെ വയ്‌ക്കേണ്ടി വരുമ്പോള്‍ സ്‌ട്രെയിറ്റ് മുടിയാണ് സൗകര്യം.
| Savitha Sijo

