My Fashion: Roopasree
ഡ്യൂപ്‌ളിക്കേറ്റിലെ നായിക എന്ന നിലയിലാണ് രൂപശ്രീയെ മലയാളികള്‍ക്കു പരിചയം. എന്നാല്‍ അഭിനയത്തില്‍ രൂപശ്രീ പുതുമുഖമില്ല. ഡ്യൂപ്‌ളിക്കേറ്റിനു മുമ്പ് ഏതാനും തമിഴ് സിനിമകളിലും രൂപ അഭിനയിച്ചിരുന്നു. അതു പോലെ മോഡലിംഗിലും സജീവമാണ്. പേരു പോലെ തന്നെ രൂപത്തിലും ശ്രീത്വമുള്ള രൂപശ്രീ തന്റെ സൌന്ദര്യ രഹസ്യങ്ങള്‍ പങ്കുവയ്‌ക്കുന്നു.
എന്താണ് രൂപശ്രീയുടെ പ്രത്യേകതയായി എല്ലാവരും പറയാറുള്ളത്?
എന്നെ മേക്കപ്പില്ലാതെ കണ്ടൊരാള്‍ക്ക് മേക്കപ്പില്‍ കണ്ടാല്‍ തിരിച്ചറിയാനാവില്ല. മേക്കപ്പിട്ടാല്‍ അത്ര വ്യത്യാസം വരും എന്റെ മുഖത്തിന്.
മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമാണോ?
ഫങ്ങ്ഷനുകള്‍ക്കേ മേക്കപ്പ് ഇടാറുള്ളു. പണ്ടു മുതലേ ക്‌ളാസിക്കല്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. അപ്പോഴൊക്കെ തനിയെയായിരുന്നു മേക്കപ്പ് ചെയ്തിരുന്നത്. ഈ പരിചയം വച്ച് ഫങ്ങ്ഷനൊക്കെ പോകുമ്പോള്‍ ഞാന്‍ തനിച്ചാണ് മേക്കപ്പിടാറുള്ളത്. ലൈറ്റ് മേക്കപ്പാണ് കൂടുതലിഷ്ടം. എന്റേത് സെന്‍സിറ്റീവ് സ്‌കിന്‍ ആണ്. ചെന്നൈയിലുള്ളൊരു മേക്കപ്പ്മാന്‍ പറഞ്ഞതനുസരിച്ച് എന്റെ സ്‌കിനിന്നിനു ചേരുന്നതാണ് ഉപയോഗിക്കാറുള്ളത്.
മോഡലിങ്ങില്‍ സൗന്ദര്യം അവശ്യ ഘടകമാണോ?
സൗന്ദര്യം കൂടുതലുളളവര്‍ക്കു ക്യാമറയ്ക്കു മുന്നില്‍ എത്രത്തോളം ഭംഗിയുണ്ടെന്നു പറയാനാവില്ല. ക്യാമറയ്ക്കു മുന്നില്‍ നന്നാവണം, പ്രത്യേകിച്ചും എക്‌സ്പ്രഷന്‍സ്. ചിലപ്പോള്‍ നേരിട്ട് കാണാന്‍ വലിയ ഭംഗിയൊന്നുമുണ്ടാകില്ല, പക്ഷെ മേക്കപ്പില്‍ നല്ലതായിരിക്കും. അതുകൊണ്ട് സൗന്ദര്യം ഒരു അടിസ്ഥാന ഘടകമൊന്നുമല്ല എന്നാണ് എനിക്കു തോന്നുന്നത്.
സൗന്ദര്യ സംരക്ഷണം?
ഭക്ഷണത്തില്‍ കുറച്ചു നിയന്ത്രണം വച്ചിട്ടുണ്ട്. എണ്ണയുള്ള ഭക്ഷണവും, മധുരവും അധികം കഴിക്കാറില്ല. സ്ഥിരമായി യോഗ ചെയ്യാറുണ്ട്.
ഡ്രസ്സിങ്ങിന്റെ കാര്യത്തില്‍ എന്തെങ്കിലും നിര്‍ബന്ധമുണ്ടോ?
ഇടുന്നതെന്തായാലും അരോചകമാകാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. പിന്നെ ഡ്രസ്സിനു മാച്ചു ചെയ്യുന്ന കമ്മല്‍, മാല,വളയൊക്കെ ഇടാറുണ്ട്. എന്റെ ചേട്ടന്‍ മജുവാണ് ഇതൊക്കെ വാങ്ങിത്തരാറുള്ളത്. ഡ്രസ്സ് വാങ്ങിയാല്‍ അതിനു ചേരുന്ന ആഭരണങ്ങള്‍ ചേട്ടന്‍ തന്നെ സെലക്ടു ചെയ്തു കൊണ്ടു തരും.
മോഡലിങ്ങ് രംഗത്തേക്ക് എത്തിയിട്ട് എത്ര നാളായി?
ഞാന്‍ ആറിലും ഏഴിലും പഠിക്കുമ്പോള്‍ മുതല്‍ മോഡലിങ്ങ് ചെയ്തു തുടങ്ങിയതാണ്. പിന്നീട് കുറച്ചു നാള്‍ ഒരു ഗ്യാപ്പ് വന്നിട്ടുണ്ട്. ഇപ്പോള്‍ സിനിമയും പരസ്യവുമൊക്കെയായിട്ടു സജീവമാണ്.
ഏറ്റവും ശ്രദ്ധിക്കപ്പെട്ട പരസ്യം ?
ലക്ഷമി ജ്വല്ലറിയുടേതാണ് എല്ലാവരും ഏറ്റവും നല്ല അഭിപ്രായം പറഞ്ഞിട്ടുള്ളത്.
കുടുംബം?
കൊല്ലത്ത് മുഖത്തലയിലാണ് ഞങ്ങള്‍ താമസം. അച്ഛന്‍ ചന്ദ്രകുമാര്‍ ബിസിനസ് ചെയ്യുന്നു, അമ്മ പത്മകുമാരി. ചേട്ടന്‍ മജു സി നായര്‍ എല്‍.ജിയില്‍ വര്‍ക്കു ചെയ്യുന്നു.
| Savitha Sijo

