Sharon Speaks

Sharon
ഇടയ്ക്കിടെ ചാനലുകള്‍ മാറ്റുമ്പോള്‍ ചുണ്ടില്‍ സുന്ദരമായൊരു ചിരിയും, വാചാലമായ സംസാരവുമായി നമ്മളെ കാത്തിരിക്കുന്ന അവതാരകരില്‍ ഒരാളാണ് ഷാരോണ്‍. തുടക്കം ഡ്യൂഡ്രോപ്‌സ്, ഹലോ ഗുഡ് ഈവനിങ്ങ് എന്നിവയിലൂടെ, ഇപ്പോള്‍ സെന്‍സേഷന്‍. ഷാരോണിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം.
ഷാരോണ്‍ ആങ്കറിങ്ങ് മാത്രമേ ചെയ്യുന്നുള്ളു?
ഞാന്‍ സെന്റ് തെരേസാസില്‍ ഡിഗ്രിക്കു പഠിക്കുകയാണ്. ഇതിനിടയില്‍ പഠിത്തത്തെ ബാധിക്കാതെയാണ് ആങ്കറിങ്ങും, സ്റ്റേജ്‌ഷോസും, ആഡ്‌സുമെല്ലാം ചെയ്യുന്നത്. ആങ്കറിങ്ങ് ആണ് ഏറ്റവും ഇഷ്ടം.
ഇതിനു നല്ലപോലെ വാചാലയാകേണ്ടേ?
വേണം. എന്നാല്‍ അതു മാത്രം പോരാ. ചിലപ്പോള്‍ മറുവശത്തു നിന്നു വരുന്നത് ഒട്ടും പ്രതീക്ഷിക്കാത്തതൊക്കെയാവും. അതിനൊത്ത് മറുപടി പറയണം. പിന്നെ നല്ല ആത്മവിശ്വാസത്തോടെ വേണം ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കാന്‍. അതുപോലെ ആങ്കറിങ്ങിലായാലും പ്രൊഫഷണല്‍ ആയിരിക്കണം. അല്ലെങ്കില്‍ പറ്റിക്കപ്പെടാന്‍ സാധ്യതകളേറെയാണ്.
എങ്ങനെയാണ് തുടക്കം?
ഞാന്‍ ഒരു വീക്ക്‌ലിയുടെ കവര്‍ ഗേളായിരുന്നു. ഇതു കണ്ടിട്ടാണ് എന്നെ ആങ്കറിങ്ങിനു വിളിക്കുന്നത്. പിന്നീട് കല്യാണങ്ങള്‍ക്ക് അവതാരകയായി. അവാര്‍ഡ് നൈറ്റ്, കോണ്‍ഫറന്‍സുകള്‍ എല്ലാം ചെയ്യാന്‍ തുടങ്ങി. ആഡ്‌സിന്റെ കാര്യത്തില്‍ വളരെ സെലക്ടീവ് ആണ്. ഇതിനിടയില്‍ കുറെ സിനിമാ ഓഫറുകളും വന്നിരുന്നു. പഠിത്തത്തെ ബാധിക്കുമെന്നതു കൊണ്ടാണ് അത് വേണ്ടെന്നു വച്ചത്.
ആങ്കറിങ്ങ് ചെയ്യുമ്പോള്‍ എന്തെങ്കിലും രസകരമായ അനുഭവങ്ങള്‍ ?
അതേയുള്ളു. ഒരിക്കല്‍ ഒരാള്‍ കത്തെഴുതി. അയാളുടെ കാമുകിക്ക് ഒരു പാട്ട് ഡെഡിക്കേഷനൊക്കെ പറഞ്ഞ്. ആ പെണ്‍കുട്ടിയുടെ കല്യാണം ഉറച്ചിരിക്കുകയായിരുന്നു. ചെക്കന്റെ വീട്ടുകാരിതു കേട്ടു കല്യാണം മുടങ്ങി. പിന്നെ ആകെ പ്രശ്‌നമായി. കാമുകന് പെണ്ണിന്റെ വീട്ടുകാരുടെ കയ്യില്‍ നിന്ന് അടിയും കിട്ടി. പിന്നീട് ഈ സംഭവമൊക്കെ അയാള്‍ തന്നെ ഞങ്ങളെ വിളിച്ചു പറഞ്ഞു. പ്രോഗ്രാമിലൂടെ ചില പ്രണയങ്ങള്‍ കോടതിയില്‍ വരെ എത്തിയിട്ടുണ്ട്.
ഒരു പ്രാവശ്യം ഞാന്‍ പ്രോഗ്രാം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ സ്‌ക്രിപ്റ്റ് എന്റെ അടുത്തു നിന്നും പറന്നു പോയി. കുറച്ചു നേരം ഞാന്‍ മിഴിച്ചു നിന്നു. പിന്നെ ബ്രേക്കു വരുന്നതുവരെ അതുമിതുമൊക്കെ പറഞ്ഞു നിന്നു. ഒരു പ്രാവശ്യം ബ്രേക്കു കഴിഞ്ഞതറിയാതെ ഞാന്‍ പാട്ടും പാടി തലചീവി നില്‍ക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോഴാണ് ക്യാമറ ഓണ്‍ ആയിരുന്നത് അറിഞ്ഞത്. നാട്ടുകാരു മുഴുവനും ഇതും കണ്ടിരിക്കുകയായിരുന്നു. അതു കഴിഞ്ഞതും ചാനലിലേക്ക് കോളുകളുടെ പ്രവാഹമായിരുന്നു. അതുപോലെ കാസര്‍ഗോഡു നിന്നും മുരുകന്‍ എന്നു പറയുന്നതിനു പകരം മാക്രിയെന്നൊരിക്കല്‍ വായിച്ചിട്ടുണ്ട്. അങ്ങനെ തമാശകള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്.
ആങ്കറിങ്ങ് എന്തുകൊണ്ടാണ് ഇഷ്ടപ്പെടുന്നത്?
പോപ്പുലാരിറ്റിയാണ് എന്നെ ഇതിലേക്ക് ആകര്‍ഷിച്ചത്. വലിയ പ്രതിഫലമൊന്നും കിട്ടില്ലെങ്കിലും, പഠിക്കുമ്പോള്‍ ഒരു ചെറിയ സമ്പാദ്യം. പണ്ടു മുതലേ ആങ്കറിങ്ങിനോട് നല്ല ഇഷ്ടമുണ്ടായിരുന്നു.
ചാനല്‍ ആങ്കറിങ്ങാണോ ഏറ്റവും രസകരം?
അവാര്‍ഡ് നൈറ്റ്‌സൊക്കെ ചെയ്യാനാണ് രസം. കാരണം സ്‌ക്രിപ്‌റ്റൊക്കെ റെഡിയായിരിക്കും. അതുപോലെ ഡ്രസ് വളരെ നല്ലതായിരിക്കും. അപ്പോള്‍ തന്നെ പ്രോഗ്രാം ചെയ്യാന്‍ നമുക്കൊരു കോണ്‍ഫിഡന്റ്‌സ് കിട്ടും.
അവതാരകയാകുമ്പോള്‍ എന്നും ഡ്രസുകള്‍ മാറിമാറി ഇടേണ്ടിവരില്ലേ?
ഡ്രസിന്റെ ഒരു വലിയ കളക്ഷന്‍ തന്നെ എനിക്കുണ്ട്. ചാനലില്‍ നമുക്ക് മിക്‌സ് മാച്ചൊക്കെ ചെയ്ത് ഇടാം. എന്നാല്‍ ഷോസിനൊന്നും അതു പറ്റില്ല. ഷോസിനുപയോഗിച്ച ഡ്രസ്സുകള്‍ മിക്കവാറും പുറത്തൊന്നും ഇടാന്‍ പറ്റുന്നതാവില്ല. ചിലതൊക്കെ ഞാന്‍ തന്നെ സൂക്ഷിച്ചു വയ്ക്കും, ചിലപ്പോള്‍ കസിന്‍സിനൊക്കെ കൊടുക്കും.
കുടുംബം?
മൂവാറ്റുപുഴയാണ് നാട്. പപ്പ ബെനഡിക്റ്റ്, മമ്മി മേരി, ചേട്ടന്‍ ഷിന്റോ, അനിയത്തി അലീഷ.
| Savitha Sijo
