Designer Speaks: Aravind R

Aravind R
റാംപ്ഷോസ്, കമേഷ്യല് ആഡ്സ്, സിനിമ, ഡിസൈനര് കളക്ഷന്; അരവിന്ദ് ആര് എന്ന ഫാഷന് ഡിസൈനറുടെ കരവിരുത് ഇതിലെല്ലാമുണ്ട്. പത്തു വര്ഷം പൂര്ത്തിയാക്കുന്ന തന്റെ പ്രിയ കരിയറിനെ കുറിച്ച് അരവിന്ദ് പറയുന്നു.
എങ്ങനെയാണ് അരവിന്ദ് ഫാഷന് ഡിസൈനിങ്ങിലേക്ക് എത്തുന്നത്?
അവിചാരിതമായിരുന്നു ഇതിലേക്കുളള വരവ്. ഞാന് ഫാഷന് ഡിസൈനിങ്ങ് പഠിക്കണമെന്നു തീരുമാനിക്കുന്ന കാലത്ത് ഇങ്ങനെ ഒരു ഫീല്ഡിനെ കുറിച്ച് പത്തു പേരോടു ചോദിച്ചാല് അതില് എട്ടുപേര്ക്കും അറിവില്ല. ചെറുപ്പം മുതലേ കുറച്ചൊക്കെ വരയ്ക്കും. കോഴിക്കോട് ഡിഗ്രി ചെയ്തു കഴിഞ്ഞാണ് ഫാഷന് ഡിസൈനിങ്ങ് പഠിക്കാനായി ബാംഗ്ലൂരിലെ റോയല് സ്ക്കൂള് ഓഫ് ഫാഷനില് ചേരുന്നത്.
എപ്പോഴാണ് ഷോസൊക്കെ ചെയ്തു തുടങ്ങുന്നത്?
പഠനം പൂര്ത്തിയാക്കിയ ശേഷം കുറച്ചുനാള് കോഴിക്കോട് വര്ക്കു ചെയ്തു. എന്നാല് ചെയ്തു തുടങ്ങിയപ്പോഴാണ് പഠിച്ചതു മാത്രം പോര, പരിശീലനവും വേണമെന്നു തോന്നിയത്. തുടര്ന്ന് വീണ്ടും ബാംഗ്ലൂരിലേയ്ക്കു പോയി. വിദ്യാസാഗര് എന്ന ഫാഷന് ഡിസൈനറുടെ അസിസ്റ്റന്റായി കുറെ നാള്. അതോടൊപ്പം പുതിയതായി പലതും പഠിച്ചു. ഷോസ് ചെയ്തു തുടങ്ങി. പിന്നീട് സ്വന്തമായി ഒരു ബോട്ടിക് തുടങ്ങി. ഇതിനെല്ലാം വേണ്ട സഹായങ്ങള് ചെയ്തു തന്നത് വിദ്യാഗറാണ്. ഞാന് ഏറ്റവും നന്ദിയോടെ സ്മരിക്കുന്നൊരാളാണ് അദ്ദേഹം. കേരളത്തില് എത്തിയിട്ട് മൂന്നു വര്ഷമായി.
ഏതെങ്കിലും ഒരു പ്രത്യേക മേഖലയില് കേന്ദ്രീകരിക്കാത്തത് എന്തുകൊണ്ടാണ്?
സ്വന്തമായുള്ള ഡിസൈനിംഗ്, കമേഷ്യല് ആഡ്സ്, സിനിമ എന്നിങ്ങനെ വിവിധ മേഖലകളിലൂടെയാണ് ഞാന് കടന്നു പോകുന്നത്. ഒന്നില് മാത്രം ശ്രദ്ധിച്ചാല് വളരെ മെക്കാനിക്കല് ആകുമെന്നാണ് എനിക്കു തോന്നുന്നത്. ക്രിയേറ്റിവിറ്റി വളര്ത്താനും ഇതാണു നല്ലത്.
വര്ക്കുകളെ കുറിച്ചൊന്നു പറയാമോ?
തേക്കടിയിലെ റെഡ് ഫാര്ട്ട് ആര്ട്ട് ഗ്യാലറിയ്ക്കു വേണ്ടി സീസണില് കുര്ത്തീസും, ജീന്സും ഡിസൈന് ചെയ്യുന്നുണ്ട്. വെജിറ്റബിള് ഡൈ ഉപയോഗിച്ചാണിവ ചെയ്യുന്നത്. ടൂറിസ്റ്റുകളെ ഉദ്ദേശിച്ചുള്ള ഡ്രസ്സുകളാണിവയൊക്കെ. എക്സിബിഷനോടൊപ്പം അവിടെ വില്പനയുമുണ്ട്. പ്രണയകാലമാണ് ആദ്യം ചെയ്ത സിനിമ. പിന്നീട് വീട്ടിലേയ്ക്കുള്ളവഴി, അതേ വെയില് അതേ മഴ. വയലറ്റ് എന്ന ചിത്രം പൂര്ത്തിയായിട്ടില്ല.
മുപ്പതോളം കമേഷ്യല് ആഡ്സ് ചെയ്തു. മുത്തൂറ്റ് ഫിനാന്സിയേഴ്സ്, ഭീമ സുരക്ഷ, ലക്ഷമിജ്വല്ലറി,സീതാറാം ആയുര്വേദിക് പ്രോഡക്റ്റ്സ് എന്നിങ്ങനെ. നന്തിലത്ത് ഫാഷന് ഷോ, ആഡ് ഫെസ്റ്റ്, ആലുക്കാസ് ബെസ്റ്റ് മോഡല്സ് തുടങ്ങി നിരവധി ഫാഷന് ഷോസും ചെയ്തു കഴിഞ്ഞു. ആലുക്കാസിന്റേതാണ് എനിക്ക് ഏറ്റവും പേരുണ്ടാക്കി തന്ന ഷോ. എന്റെ തന്നെ ഡിസൈനര് വെയര് കളക്ഷന്സിന്റെ എക്സിബിഷന് ബാഗ്ലൂര്, മൈസൂര്, ചെന്നൈ, കൊച്ചി എന്നിങ്ങനെ വിവിധ സ്ഥലങ്ങളില് ഇടയ്ക്കു സംഘടിപ്പിക്കാറുണ്ട്.
സിനിമയില് കോസ്റ്റ്യൂം ചെയ്യുമ്പോള് അഭിനേതാക്കള് അവരുടെ ഇഷ്ടങ്ങള് പറയാറുണ്ടോ?
പറയുന്നവരുണ്ട്. വയലറ്റില് ഞാന് സ്വയം ഡിസൈന് ചെയ്ത കുര്ത്തകളായിരുന്നു സുരേഷ് ഗോപി ധരിച്ചത്. അത് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടെന്ന് പല പ്രാവശ്യം പറഞ്ഞു. പൃഥ്വിരാജ് സാധാരണ പെപ്പെ ജീന്സാണ് ഉപയോഗിക്കാറുള്ളത്. അത് അദ്ദേഹത്തിനു വേണ്ടി ഡ്രസ്സ് ഒരുക്കിയപ്പോള് പറഞ്ഞിരുന്നു. എന്നാല് അതല്ലാത്തതും ധരിക്കാന് വൈമുഖ്യം ഒന്നും കാണിക്കാറില്ല.
കോസ്റ്റ്യൂമില് കൂടുതല് പരീക്ഷണങ്ങള് നടത്താനാവുന്നത് ഏതിലാണ്?
മലയാള സിനിമയില് കോസ്റ്റ്യൂമില് വലിയ പരീക്ഷണങ്ങള്ക്കൊന്നും സാധ്യതയില്ല. പിന്നെ വര്ഷങ്ങള്ക്കു മുന്പുള്ളതൊക്കെ ചിത്രീകരിക്കുമ്പോഴേ എന്തെങ്കിലും ചെയ്യേണ്ടി വരുന്നുള്ളു. അതു പോലെ സോങ്ങ്സിലും. എന്നാല് ആഡ്സ് ചെയ്യുമ്പോള് നമുക്ക് വളരെ ക്രിയേറ്റീവ് ആയ ഡ്രസ്സുകള് ഡിസൈന് ചെയ്യാം.
കുടുംബം?
കോഴിക്കോടാണ് നാട് . അച്ഛന് രവീന്ദ്രന്, അമ്മ അമ്മിണിക്കുട്ടി. ഒരു സഹോദരനും സഹോദരിയുമുണ്ട്.
| Savitha Sijo
