വട്ടമുഖക്കാര്‍ക്ക് ചെറിയ സ്‌റ്റഡ് വേണ്ട
മുഖത്തിനിണങ്ങുന്ന കമ്മലുകള്‍ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കും. എന്നാലതിന് ആദ്യമറിയേണ്ടത് നിങ്ങളുടെ മുഖത്തിന്റെ ആകൃതി എന്താണെന്നാണ്. ഓരോ മുഖത്തിനും ചേരുന്ന കമ്മലുകളെക്കുറിച്ച് ഇതാ…
റൗണ്ട് ഫെയ്‌സ് (Round Face)
ഇവര്‍ക്ക് ഏറ്റവും അനുയോജ്യം നീളം കൂടിയ വണ്ണം കുറഞ്ഞ ഇയര്‍റിങ്ങുകളാണ്. ഇത് വട്ടമുഖത്തിന് നീളം തോന്നിപ്പിക്കും. ഓവല്‍ ഷേപ്പിലുള്ള കമ്മലും ധരിക്കാം. ആംഗുലാര്‍ സ്റ്റഡ് ഇയര്‍റിങ്ങുകളും വളരെ യോജ്യമാണ്. ചെറിയ സ്റ്റഡുകളും സര്‍ക്കുലാര്‍ റിങ്ങുകളും കട്ടികൂടിയ വലുപ്പമുള്ള ഇയര്‍റിങ്ങുകളും ഒഴിവാക്കണം.
ഓവല്‍ ഫെയ്‌സ് (Oval Face)
ഓവല്‍മുഖത്തെ വ്യത്യസ്തമാക്കുന്നത് വിശാലമായ നെറ്റിത്തടമാണ്. നെറ്റിത്തടത്തിന് വീതി കൂടുമ്പോള്‍ അടിത്താടിക്ക് വീതി കുറവായിരിക്കും. ഓവല്‍ മുഖമുള്ളവര്‍ക്ക് ചെറിയ സ്റ്റഡുകളും ഓവല്‍സും ടിയര്‍ഡ്രോപ്‌സുമാണ് ഇണങ്ങുന്നത്. എല്ലാത്തരം ഡിസൈനുകളും ഇവര്‍ക്ക് ചേരും.വ്യത്യസ്തമായ സ്റ്റൈലുകള്‍ പരീക്ഷിച്ച് നിങ്ങളുടെ മുഖത്തിനിണങ്ങുമോ എന്നും നോക്കാവുന്നതാണ്.
ഹേര്‍ട്ട് ഷേയ്പ്ഡ് ഫെയ്‌സ് (Heart shaped Face)
ഹൃദയത്തിന്റെ ആകൃതിയുള്ള ഈ മുഖക്കാരുടെ പ്രത്യേകത വീതികുറഞ്ഞ താടിയും വീതിയുളള നെറ്റിത്തടമോ, കവിള്‍ത്തടവുമോ ആണ്. ഏകദേശം ഓവല്‍ മുഖത്തിന് സമമാണെങ്കിലും താടിയെല്ലിന്റെ ഭാഗം കൂര്‍ത്തതായിരിക്കും. വീതിയേറിയ അടിഭാഗമുള്ള കമ്മലുകളാണ് അനുയോജ്യം. ചെറിയ വളവുള്ള ഓവല്‍സും ടിയര്‍ഡ്രോപ്‌സും ഇടാം. പിരമിഡ് സ്റ്റൈല്‍ ഇയര്‍ റിങ്ങ് ബസ്‌ററായിരിക്കും. ഹേര്‍ട്ട് സ്റ്റൈല്‍ ഇയര്‍റിങ്ങ് ധരിക്കരുത്.
ഡയമണ്ട് ഫെയ്‌സ് (Diamond Face)
കവിളുകള്‍ വിസ്താരമേറിയതും നെറ്റിയും താടിയെല്ലിന്റെ ഭാഗവും ഇടുങ്ങിയതുമാണ് ഈ ആകൃതി. ഇത്തരക്കാര്‍ നീളം കുറഞ്ഞതും വീതി കൂടിയതുമായ ഇയര്‍റിങ്ങുകളാണ് ഇടേണ്ടത്. ഒരേ നീളത്തിലുള്ള കമ്മലോ വളവുള്ളവയോ അനുയോജ്യമാണ്. സ്‌മോള്‍ ഡ്രോപ് ഇയര്‍റിങ്ങുകളും സ്റ്റഡുകളും നന്നായി ഇണങ്ങും.
ഒബ്‌ലോങ്ങ് ഫെയ്‌സ് (Oblong Face)
സ്‌ക്വയര്‍ ഫെയ്‌സുമായി വളരെ സാമ്യമുണ്ട് ഒബ്‌ലോങ്ങ് ഫെയ്‌സിന്. എന്നാല്‍ നീളം കൂടുതലും വീതി കുറവുമാണെന്ന് മാത്രം. സിംപിള്‍ സ്റ്റഡുകളും ഷാന്‍ഡ്‌ലിയര്‍ സ്റ്റൈല്‍ ഇയര്‍റിങ്ങുകളുമാണ് ഏറെ ചേരുന്നത്. ആംഗുലാറും നീളമുള്ളതുമായ ഇയര്‍റിങ്ങുകള്‍ ഒഴിവാക്കണം.
സ്‌ക്വയര്‍ ഫെയ്‌സ് (Square Face)
വീതിയേറിയ പരന്ന നെറ്റിത്തടമാണ് സ്‌ക്വയര്‍ ഫെയ്‌സിനുളളത്. താടിയെല്ല് കൂര്‍ത്തതായിരിക്കും.റൗണ്ടോ ആംഗുലറോ ആയ ഇയര്‍റിങ്ങുകള്‍ മുഖത്തിന് അനുയോജ്യമാണ്. ആംഗുലാര്‍ സ്‌റ്റൈല്‍ വലിയ ഇയര്‍റിങ്ങുകള്‍ ഇടരുത്. റൗണ്ട് ഇയര്‍റിങ്ങുകള്‍ ഭംഗി കൂട്ടും.
| Gijimol P
