HOME

പാടുകളും ചുളിവും മാറ്റാന്‍ CO2

പാടുകളും ചുളിവുകളും  മായ്ക്കാനും അമിതവണ്ണം കുറയ്ക്കാനും ഇനി കാര്‍ബണ്‍ഡയോക്‌സൈഡ് ഇഞ്ചക്ഷന്‍. സോഫ്റ്റ് ഡ്രിങ്കുകള്‍ പതഞ്ഞ് നുരയാന്‍ സഹായിക്കുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന് ചര്‍മ്മത്തില്‍ മായാജാലം കാട്ടാന്‍ കഴിയുമത്രേ. ശരീരത്തിലെ അമിത കൊഴുപ്പും  സ്ട്രച്ച് മാര്‍ക്കുകളും ചുളിവുകളും മാറ്റാന്‍ ഈ ഇഞ്ചക്ഷന് കഴിയുമെന്നാണ് കണ്ടെത്തല്‍.

ഇറ്റലിയിലെ സിയന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കാര്‍ബോക്‌സിതെറാപ്പി എന്ന ഈ ട്രീറ്റ്‌മെന്റ് കണ്ടുപിടിച്ചത്. തൊലിക്കടിയിലാണ് ഈ ഇഞ്ചക്ഷന്‍ എടുക്കുന്നത്. 48 പേരില്‍ ആറ് ഘട്ടങ്ങളിലായി മൂന്നാഴ്ചയോളമായിരുന്നു നിരീക്ഷണം. തുടയുടെ ഭാഗത്ത് 3 സെന്റിമീറ്ററും കണങ്കാലില്‍ ഒരു സെന്റിമീറ്ററും വയറിന്റെ ഭാഗത്ത് 3 സെന്റിമീറ്ററുമാണ് ഇവര്‍ക്ക് കുറഞ്ഞത്.

ആഴത്തിലുള്ള സ്‌ട്രച്ച് മാര്‍ക്കുകളും തടിച്ച് തൂങ്ങിയ മുഖവും ഉളളവര്‍ 12 തവണയെങ്കിലും ട്രീറ്റ്‌മെന്റ് നടത്തണം. വളരെ പെട്ടെന്ന് ചെയ്യാവുന്നതും വേദനാരഹിതവുമാണ് ഈ ഇഞ്ചക്ഷന്‍. നാലോ അഞ്ചോ മിനിട്ടില്‍ കാര്യം കഴിയും. ഇഞ്ചക്ഷനിലൂടെ രക്തചംക്രമണവും ഓക്‌സിജന്‍ പ്രവാഹവും കൂടുന്നു. ഇത് ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കും. കൊഴുപ്പിന്റെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. കഷണ്ടിക്കും ഇതൊരു മറുമരുന്നാകുമെന്നാണ് കണ്ടെത്തല്‍. മുടിവളര്‍ച്ചയെ സഹായിക്കുന്നതിന് തലയിലെ അടഞ്ഞ സുഷിരങ്ങള്‍ തുറക്കാന്‍ ഇഞ്ചക്ഷന്‍ മതിയാകും.

ശരിയായ രക്തചംക്രമണം നടക്കാത്തവര്‍ക്കും രക്തക്കുഴലില്‍ ബ്ലോക്കും ഹൃദയരോഗങ്ങളും ഉള്ളവര്‍ക്കും പ്രതിവിധിയായി വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഫ്രാന്‍സില്‍ ഈ ചികിത്സാരീതി ഉപയോഗിച്ചിരുന്നു. ആസ്തമയ്‌ക്കും മറ്റ് ശ്വാസകോശസംബന്ധമായ ചികിത്സയ്‌ക്കും ഇത് ചെയ്തുവരുന്നുണ്ട്. എന്തായാലും ഈ ട്രീറ്റ്‌മെന്റിന്റെ ദീര്‍ഘകാലഗുണങ്ങളെക്കുറിച്ചറിയാന്‍ ഗവേഷണങ്ങള്‍ നടന്നുവരുന്നു.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.