HOME

Anez: ഫുട്‌പാത്തില്‍ നിന്നു ഗ്ലാ‍മര്‍ലോകത്തേക്ക്

Make up by Anees Vazhakkala

CLICK IMAGE FOR GALLERY

ഫുട്പാത്തില്‍ തുണിക്കച്ചവടം നടത്തിയിരുന്ന പയ്യന്‍, സ്വയം മേക്കപ്പ് ചെയ്യാന്‍ പഠിക്കുന്നു. ഇന്ന് എറണാകുളത്ത് കേരളത്തിലെ തന്നെ ഏറ്റവും വലിയ മേക്കപ്പ് സ്‌റ്റുഡിയോയുടെ ഉടമ, പ്രശസ്‌ത നടികളുടെയും മോഡലുകളുടെയും പ്രിയ മേക്കപ്പ് മാന്‍, ദാലുവിനേപ്പോലുള്ള ഫാഷന്‍ ഡിസൈനര്‍മാരുടെ അംഗീകാരം. ഒരു സിനിമാ കഥ പോലെയാണ് അനീസിന്റെ ജീവിതം.

ഫുട്പാത്തിലെ ജീവിതം മേക്കപ്പിലേയ്ക്കു പറിച്ചു നട്ടതെപ്പോഴാണ്?
പത്താം ക്‌ളാസ്സ് കഴിഞ്ഞപ്പോള്‍ ഒരു വരുമാന മാര്‍ഗ്ഗമെന്ന നിലയിലാണ് കൊച്ചിയിലെ ഫുട്പാത്തില്‍ തുണിവ്യാപാരത്തിനു പോയി തുടങ്ങിയത്. പണ്ടു മുതലേ വായിക്കും. വായന അസിസ്‌റ്റന്റ് ഡയറക്‍ടര്‍ എന്ന മോഹത്തോടടുപ്പിച്ചു. അതിനുള്ള വഴി എന്ന നിലയിലാണ് മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിക്കൊപ്പം മേക്കപ്പ് പഠിക്കാന്‍ കൂടുന്നത്. എനിക്കപ്പോള്‍ മേക്കപ്പിനെ കുറിച്ചൊന്നും അറിയില്ല. സിനിമയിലേക്ക്  ഇങ്ങനെ കയറി പറ്റാമെന്നു മാത്രമാണ് ഞാന്‍ കരുതിയത്.

ഒന്നര മാസം രഞ്ജിത്തിനൊപ്പം നിന്നു. ആദ്യമായിട്ടൊരു സിനിമ ചെയ്യുന്നത് പട്ടണം റഷീദിനൊപ്പമാണ്, തൊമ്മനും മക്കളും. ഒരാള്‍ പോയതിനു പകരമായിട്ടാണ് ഞാന്‍ റഷീദിക്കയ്‌ക്കൊപ്പം ചെല്ലുന്നത്. പതിനെട്ടു ദിവസമേ വര്‍ക്കുണ്ടായിരുന്നുള്ളു. എന്റേയും മേക്കപ്പ്മാന്‍ പട്ടണംറഷീദിന്റേയും വീട് അടുത്തായിരുന്നെങ്കിലും  അന്നാണ് ആദ്യമായിട്ട്  അദ്ദേഹത്തെ കാണുന്നത്. അപ്പോഴേയ്ക്കും ഞാന്‍ ഫുട്പാത്തിലെ ജോലി ഉപേക്ഷിച്ചിരുന്നു.

Anez Anzare

എപ്പോഴാണ് മേക്കപ്പിനോട് ഇഷ്ടം തോന്നിതുടങ്ങിയത്?
മേക്കപ്പിടുമ്പോഴും എന്റെ മനസ്സില്‍ സംവിധാനം തന്നെ ആയിരുന്നു. ചതിക്കാത്ത ചന്തു എന്ന സിനിമ കാണുമ്പോഴാണ് മേക്കപ്പ് തന്നെ എന്റെ വഴി എന്നു തീരുമാനിക്കുന്നത്. ഞാന്‍ മേക്കപ്പ് സ്വയം ചെയ്തു നോക്കി മാത്രം പഠിച്ചൊരാളാണ്. പിന്നീട് കുറച്ചു നാള്‍ ഇന്ത്യാവിഷനിലും, മനോരമന്യൂസിലും ജോലി ചെയ്തു. മനോരമയില്‍ ജോലി ചെയ്യുമ്പോഴും കൂടുതല്‍ മേക്കപ്പിനെ കുറിച്ചു പഠിക്കണമെന്നായിരുന്നു. അങ്ങനെ ഒരു ദിവസം ആ ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു മേക്കപ്പ് ബോക്‌സ് വാങ്ങി. മാസങ്ങളോളം ജോലിയൊന്നും ഇല്ലാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്.

അങ്ങനെയിരിക്കുമ്പോഴാണ് അനീഷ് ഉപാസന എന്ന ഫാഷന്‍ഫോട്ടോഗ്രാഫര്‍ ഗൃഹലക്ഷ്‌മിയുടെ വര്‍ക്കിനായി വിളിക്കുന്നത്. അന്നു ഞാന്‍ പകരക്കാരനായിട്ടാണ് മേക്കപ്പിനു ചെല്ലുന്നത്. പക്ഷെ എന്നെ ഇഷ്ടപ്പെട്ട ആ ഫോട്ടോഗ്രാഫര്‍ക്കു വേണ്ടി ഞാന്‍ ഇപ്പോഴും വര്‍ക്കു ചെയ്യുന്നു. ആദ്യമായി ചെയ്യുന്ന പരസ്യം കല്യാണ്‍ സില്‍ക്ക്‌സിന്റേതാണ്.

എന്തൊക്കെ വര്‍ക്കുകളാണ് ചെയ്തു വരുന്നത്?
സിനിമ ചെയ്യുന്നതിനോട് താല്പര്യമില്ല. പരസ്യങ്ങളും, ഷോസും ഫാഷനുമായി ബന്ധപ്പെട്ട വര്‍ക്കുകളുമാണ് കൂടുതലും ചെയ്യുന്നത്.

ആദ്യം കിട്ടുന്ന അംഗീകാരം?
സണ്‍സില്‍ക്ക്‌ സൗത്ത് ഇന്ത്യ മത്സരത്തിനു വേണ്ടി ഞാന്‍ മേക്കപ്പ് ചെയ്തിരുന്നു. അതിന്റെ കോറിയോഗ്രാഫര്‍ പ്രശസ്തനായ ദാലു ആയിരുന്നു. പിന്നീട് ഇദ്ദേഹത്തിനൊപ്പം പന്ത്രണ്ട് വര്‍ക്കുകള്‍ക്ക് എന്നെ വിളിക്കുകയുണ്ടായി. മാത്രമല്ല സൗത്ത്ഇന്ത്യ മത്സരത്തിന്റെ ഭാഗമായി എല്ലാ സംസ്‌ഥാനങ്ങളിലും വച്ച്   മത്സരങ്ങള്‍ നടത്തിയിരുന്നു. അതില്‍ ഏറ്റവും വേഗത്തില്‍ മേക്കപ്പ് ചെയ്യുന്നതിനുള്ള ഷീല്‍ഡ് എനിക്കായിരുന്നു.

മേക്കപ്പില്‍ ഏത് ബ്രാന്‍ഡാണ് അനീസിനിഷ്ടം?
ഞാന്‍ ആദ്യമായി മാക്ക് എന്ന ബ്രാന്‍ഡിനെ കുറിച്ചു കേള്‍ക്കുന്നത് ഇന്ത്യാവിഷനില്‍ ജോലി ചെയ്യുമ്പോഴാണ്. അന്ന് കുക്കു പരമേശ്വരനാണ് സണ്‍ഡേസ്‌പൈസസ് എന്ന പ്രോഗ്രാം ചെയ്‌തിരുന്നത്. അവരില്‍ നിന്നുമാണ് മാക്ക് എന്ന ബ്രാന്‍ഡ് നെയിം ഞാനാദ്യമായി കേള്‍ക്കുന്നത്. ശരിക്കു പറഞ്ഞാല്‍ കുക്കു പരമേശ്വരന്റെ മുഖത്താണ് ഞാന്‍ ആദ്യമായി മേക്കപ്പിട്ടു പഠിക്കുന്നത്. കറുത്തൊരാളെ എങ്ങനെ സുന്ദരിയാക്കിയെടുക്കാമെന്നു ഞാന്‍ മനസ്സിലാക്കുന്നത് ഇവിടെ വച്ചാണ്.

കുക്കു തന്നെ പല പ്രോഡക്റ്റുകളും എനിക്കു ചെയ്തു പഠിക്കാന്‍ തന്നിട്ടുണ്ട്. ഞാനൊരു നല്ല മേക്കപ്പ് മാനാണെന്ന തിരിച്ചറിവു തന്നത് കുക്കുവാണ്.  ഇന്നു ഞാന്‍ ഉപയോഗിക്കുന്ന ഏക ബ്രാന്‍ഡ് മാക്കാണ്.

മാക്കിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?
മാക്ക് ഒരു വിദേശ പ്രോഡക്ടാണ്. യൂറോപ്യന്‍ ബേസ് ആണ്. എന്നാല്‍ നമ്മുടെ സ്‌കിന്‍ ടോണുമായി ഏറ്റവും യോജിക്കുന്നതും ഇതാണ്. നമ്മുടെ കാലാവസ്ഥയ്ക്കു വേണ്ടിയല്ല ഇതെന്നതിനാല്‍ ഏ.സിയിലെ ഇതുകൊണ്ടു വര്‍ക്കു ചെയ്യാനാവു. വെറുതെ വാങ്ങി പുറത്തു വച്ചാല്‍ ഉരുകി പോകും. ഇതിനു വലിയ വിലയാണ്. അതുപോലെ തന്നെ ഗുണത്തിലും മറ്റൊരു ബ്രാന്‍ഡും മാക്കിനോളം വരില്ല.

Makeup Class

മേക്കപ്പ് ക്ലാസ്സുകള്‍ സംഘടിപ്പിക്കാറുണ്ടല്ലേ?
ആദ്യത്തെ ഒരു ക്‌ളാസ് മാത്രമേ ഞാന്‍ സ്വയം സംഘടിപ്പിച്ചിട്ടുള്ളു. ബാക്കി ക്‌ളാസ്സുകള്‍ മറ്റുള്ളവര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ്. ആദ്യ ക്‌ളാസ് മറക്കാനാവാത്ത അനുഭവമാണ്. എന്റെ പ്രിയപ്പെട്ട രണ്ടു സുഹൃത്തുക്കളാണ് അനീഷും നൗഫലും. ഇവരുടെ പ്രേരണ കൊണ്ടാണ് ക്‌ളാസ് സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ആദ്യം ഒരു ബ്യൂട്ടിഷന്‍ അസോസിയേഷനെ കണ്ട് ക്ലാസ്സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പക്ഷെ അവര്‍ കയ്യൊഴിഞ്ഞു. അപ്പോള്‍  കൂട്ടുകാര്‍ പറഞ്ഞു, നമുക്കു തന്നെ ചെയ്യാമെന്ന്. ആ ധൈര്യത്തില്‍ മണിബാക്ക് ഗ്രാരന്റിയോടെ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ് മനസ്സിലായില്ലെങ്കില്‍ പണം തിരിച്ചു തരും. മുപ്പതു പേരെ ഉദ്ദേശിച്ചു നടത്തിയ ക്‌ളാസ്സ് അന്‍പതു പേരായി. ഫീസ് ഒരാള്‍ക്ക് ആയിരം രൂപ ആയിരുന്നു.

അന്‍പതു പേര്‍ കഴിഞ്ഞപ്പോള്‍ അഡ്മിഷന്‍ ക്ലോസ് ചെയ്തു. എല്ലാവരും ആകാംഷയോടെ മേക്കപ്പ്മാനെ കാത്തിരിക്കുകയാണ്.  ഞാനാണ് ക്‌ളാസ് എടുക്കാന്‍  പോകുന്നതെന്നു കേട്ടപ്പോള്‍ എല്ലാവരുടേയും മുഖം വല്ലാതായി. കാരണം ആ ക്ലാസില്‍ ഏറ്റവും ചെറുപ്പം ഞാനാണ്. പക്ഷെ ഉച്ച ആയപ്പോഴേയ്ക്കും എല്ലാവരും വന്ന് നല്ല അഭിപ്രായം പറയാന്‍ തുടങ്ങി. ക്ലാസ്സ് കഴിഞ്ഞപ്പോള്‍ പൈസ വേണ്ടവര്‍ക്കു ചോദിക്കാമെന്നു പറഞ്ഞെങ്കിലും ഒരാളു പോലും എഴുന്നേറ്റു നിന്നില്ല.

നവ്യനായരുടെ വിവാഹ മേക്കപ്പിനെ കുറിച്ചു പറയാമോ?
ഞാന്‍ നവ്യയെ ആദ്യം കാണുന്നത് കല്യാണരാമന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് എന്റെ വീടിനടുത്തു വച്ചു നടക്കുമ്പോഴാണ്.അന്ന് ഷൂട്ടിങ്ങ് കാണാന്‍ ചെന്നപ്പോള്‍ ഞങ്ങളെയെല്ലാം ഓടിച്ചു വിട്ടു. ഒരിക്കല്‍ നവ്യ ഗൃഹലക്ഷമിയുടെ ഷൂട്ടിനു വന്നപ്പോള്‍ എന്നെ കണ്ടതും മേക്കപ്പ് തനിയെ ചെയ്‌തോളാമെന്നു പറഞ്ഞു.  ക്യാമറാമാന്റെ നിര്‍ബന്ധം കൊണ്ടു മാത്രമാണ് അന്ന് എന്നെ കൊണ്ടു മേക്കപ്പിട്ടത്. മേക്കപ്പിട്ടു കഴിഞ്ഞപ്പോള്‍ അവര്‍ കണ്ണാടിയിലേയ്ക്ക് നോക്കി ചോദിച്ചത്, നീ ഇത് എവിടെ, ആരുടെ കൂടെ നിന്നാണ് പഠിച്ചതെന്നാണ്. ഞാന്‍ തനിയെ പഠിച്ചതാണെന്നു പറഞ്ഞു.

പിന്നീട് കന്യകയുടെ ഷൂട്ടിങ്ങിന് നവ്യ അങ്ങോട്ട്  എന്റെ പേര് നിര്‍ദ്ദേശിച്ചു. അന്നെന്നോട് അവര്‍ പറഞ്ഞു. എന്റെ കല്ല്യാണമാണ് , നീ മേക്കപ്പ് ചെയ്തു തരണമെന്ന്. അപ്പോള്‍ ഞാന്‍ പറ്റില്ലെന്നാണ്  മറുപടി പറഞ്ഞത്. അപ്പോള്‍ തന്നെ നവ്യ പറഞ്ഞു. നീ ഇത്ര ചെറുപ്പമല്ലേ ഇപ്പോഴേ ഇത്ര അഹങ്കാരമാണോയെന്ന്. അഹങ്കാരം കൊണ്ടല്ല, എനിക്കറില്ല എന്നായിരുന്നു എന്റെ മറുപടി. ഇതുകേട്ടപ്പോള്‍ നവ്യയുടെ അമ്മ പറഞ്ഞു ഇപ്പോള്‍ ഈ ചെയ്ത പോലെ ചെയ്യാനാവുമോ?അതു ചെയ്യാമെന്നേറ്റു. ട്രയല്‍ ചെയ്തു നോക്കണമെന്നു ഞാന്‍ പറഞ്ഞു. ദ്രോണ സിനിമയ്ക്കിടയില്‍ ഒരു ദിവസം ഞാന്‍ നവ്യയുടെ വീട്ടില്‍ ചെന്ന് ട്രയല്‍ ചെയ്തു നോക്കി. എല്ലാവര്‍ക്കും ഇഷ്ടമായി.

മേക്കപ്പ് ഒരു കാരണവശാലും വിയര്‍ത്തൊലിക്കരുതെന്ന് നവ്യ പ്രത്യേകം പറഞ്ഞിരുന്നു. ഇതിന് പെര്‍ഫക്ടമാറ്റ് എന്നൊരു വസ്തുവാണിട്ടത്. ഇത് ഇടുന്നതോടെ മുഖം ഡ്രൈ ആയി പോകും. മുഖത്ത് ഓയില്‍ ഇറങ്ങുന്ന സുഷിരങ്ങളെ അടച്ചു കൊണ്ടാണ് ഇതു ചെയ്യുന്നത്.   ആറര മുതല്‍ എട്ടര വരെ ആയിരുന്നു മേക്കപ്പ്. മുഖവും കയ്യും കാലും  മേക്കപ്പ് ചെയ്തു. ഇടയ്‌ക്കൊന്നും ഒരു ടച്ച് അപ്പ് പോലും വേണ്ടി വന്നില്ല. മണ്ഡപത്തില്‍ അത്ര തിരക്കിനിടയില്‍ നിന്നിട്ടും ഒരു തുള്ളി പോലും വിയര്‍ത്തൊലിച്ചില്ല. എല്ലാവര്‍ക്കും മേക്കപ്പ് വലിയ ഇഷ്ടമായി. ഇതിനെ തുടര്‍ന്ന് എനിക്ക് ഒരുപാട് വര്‍ക്കുകളും വന്നിരുന്നു.

മേക്കപ്പ്സ്റ്റുഡിയോ തുടങ്ങാനുള്ള പ്രേരണ ?
എന്റെ രണ്ട് സുഹൃത്തുക്കള്‍ തന്നെയാണ് അതിനുള്ള പ്രധാന പ്രേരണ. അവരുടെ പ്രോത്സാഹനം കൊണ്ടാണ് ഞാന്‍ മേക്കപ്പ് സ്റ്റുഡിയോ തുടങ്ങിയതു തന്നെ.  കൊച്ചിയില്‍ ശീമാട്ടിക്ക്  എതിര്‍വശം കേരളത്തിലെ തന്നെ ഏറ്റവും വലിയ മേക്കപ്പ് സ്റ്റുഡിയോ ആണിത്. എല്ലാ മേക്കപ്പ് പ്രോഡക്റ്റ്‌സും ഇവിടെയുണ്ട്. ചെയ്തു നോക്കുന്നതിനുള്ള സൗകര്യവുമുണ്ട്. അതുപോലെ തന്നെ ഞാന്‍ മേക്കപ്പിനേയും അതു ചെയ്യുന്നവരേയും ഒരുപാട് സ്‌നേഹിക്കുന്ന ആളാണ്. എന്റെ ജീവിതത്തില്‍ ഉണ്ടായ വിഷമിപ്പിക്കുന്നൊരു അനുഭവം കൂടിയാണ് സ്റ്റുഡിയോ തുടങ്ങുന്നതിനു വഴിത്തിരിവായത്.

ഞാന്‍ വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന പ്രശസ്തനായൊരു മേക്കപ്പ്മാന്‍ ഉണ്ട്. അദ്ദേഹത്തിനു വേണ്ടി ഞാന്‍ പാതിരാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒരുപാട് സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്. അങ്ങനെയിരിക്കേ, എനിക്കൊരു വ്യത്യസ്തതയുള്ള വര്‍ക്കു കിട്ടി. അതിന്റെ ക്യാമറമാന്‍ പുറത്തു നിന്നുള്ള ആളായിരുന്നു. അവര്‍ മേക്കപ്പ് വളരെ വ്യത്യസ്തമായിരിക്കണമെന്നു നിര്‍ബന്ധം പറഞ്ഞിരുന്നു. റഫര്‍ ചെയ്യാനായി
ഞാന്‍ പ്രശസ്തനായ  ഈ മേക്കപ്പ്മാന്റെ കയ്യിലുള്ള മേക്കപ്പ് എന്നൊരു ബുക്ക് ചോദിച്ചു. ഇത് പുറത്തു നിന്നു  വരുന്ന വര്‍ഷത്തില്‍ ഒരിക്കല്‍ ഇറങ്ങുന്ന ബുക്കാണ്. എന്നാല്‍ രണ്ടു ദിവസം ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞത്. നാളെ തരാമെന്നാണ്. പിന്നെ ചെന്നപ്പോള്‍ പറഞ്ഞത് എന്റെ കയ്യില്‍ ഇല്ല ആരോ കൊണ്ടു പോയി എന്ന്. എനിക്കു വളരെ വിഷമം തോന്നി. കാരണം പലരും മുന്‍പേ എന്നോട് പറഞ്ഞിരുന്നു അയാള്‍ എന്നെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന്, ഞാനതു ശ്രദ്ധിച്ചിരുന്നില്ല.  ഇന്ന് എന്റെ കടയിലേയ്ക്ക് കയറി വരുമ്പോള്‍ തന്നെ ഈ ബുക്ക് വച്ചിട്ടുണ്ട്.

പ്രശസ്തരായ ആരെയൊക്കെ ഇതു വരെ മേക്കപ്പ് ചെയ്തു?
സിനിമയില്‍ പുതിയതായി എത്തിയിരിക്കുന്ന എല്ലാ നടികളേയും ഞാന്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്. റിമയ്ക്കു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ മേക്കപ്പിട്ടിരിക്കുന്നത്.  സുരേഷ്‌ഗോപി, മൈഥിലി, കാവ്യ, അര്‍ച്ചന, ധന്യ, അമല എന്നിങ്ങനെ  എല്ലാവരേയും തന്നെ മേക്കപ്പ് ചെയ്തിട്ടുണ്ട്. ശരിക്കു പറഞ്ഞാല്‍ ഇവരാണ് എനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ കാരണവും. ഇതില്‍ തന്നെ പലരും എന്നെ തന്നെ മതിയെന്നു നിര്‍ബന്ധം പിടിക്കാറുണ്ട്. റിമ എല്ലാവരില്‍ നിന്നും വ്യത്യസ്തയാണ്. കാരണം ഉപയോഗിക്കുമ്പോള്‍ തന്നെ അവര്‍ക്കറിയാം ഗുണം കുറഞ്ഞ പ്രോഡക്ട് ആണോയെന്ന്. അങ്ങനെയാണെങ്കില്‍ അപ്പോള്‍ തന്നെ പറയും എന്റെ മുഖത്ത് ഇത് ഇടാന്‍ പറ്റില്ലന്ന്. ഇങ്ങനെ പറയുന്നവര്‍ ശരിക്കും കുറവാണ്.

അനീസിന്റെ കുടുംബത്തെ കുറിച്ച്?
എന്റെ വീട് വാഴക്കാലയാണ്. ഉമ്മ ബീവി, വാപ്പ അന്‍സാരി മരിച്ചു. ഒരു അനിയനുണ്ട്.

| Savitha Sijo

MORE:

1 Comment

  1. dear anez,
    very happy to read about you. sincerely congratulating you. wish you all the best and god bless you dear.
    shiny jokos from kuwait

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.