കല്പനയുടെ പുതിയമുഖം
സിനിമയില്‍ മിക്കവാറും സാരിയിലും ദാവണിയിലും ഒക്കെയാണ് നമ്മള്‍ കല്പനയെ കണ്ടിട്ടുള്ളത്. എന്നാല്‍ അടുത്തിടെ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ ജഡ്ജായി വരുന്ന കല്പനയ്ക്ക് മൊത്തത്തില്‍ ഒരു മാറ്റം. ജീന്‍സും ടോപ്പും ധരിച്ച് യുവതാരങ്ങളെ വെല്ലുന്ന സ്റ്റൈലിലാണ് കല്പന. എന്താണ് കല്പനയുടെ ഈ മാറ്റത്തിന്റെ രഹസ്യം? കല്പനയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ജീന്‍സ് ഇടാനാണ് ഏറെയിഷ്ടം. ചെറുപ്പത്തില്‍ അതിന് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ അഞ്ചുവര്‍ഷമായി ജീന്‍സ് ധരിക്കുന്നു. ജീന്‍സിടാനായി തൂക്കം കുറയ്ക്കുകയും ഡയറ്റ് നോക്കുകയും ചെയ്യുന്നു. ജീന്‍സിനോടുള്ള ഇഷ്ടവും സാരിയോടുള്ള അനിഷ്ടവും ഫാഷന്‍ സങ്കല്‍പ്പങ്ങളുമെല്ലാം കല്പന പങ്കുവെയ്ക്കുന്നു.
അച്ഛനിഷ്ടം ചുരിദാര്‍
മുട്ടിറക്കമുള്ള പാവാടയും കളര്‍ഫുള്‍ ഫ്രോക്കുകളും ഇട്ട് നടന്നൊരു ബാല്യമായിരുന്നു എന്റേത്. പിന്നീട് അധികവും ധരിച്ചത് ചുരിദാറായിരുന്നു. അച്ഛന് ഞങ്ങള്‍ പെണ്‍മക്കളെല്ലാം ചുരിദാര്‍ ധരിക്കുന്നതായിരുന്നു ഇഷ്ടം. ശരീരം മുഴുവന്‍ മൂടുന്നൊരു വസ്ത്രമെന്നതായിരുന്നു അച്ഛന്റെ ന്യായം. സഹോദരന്‍മാര്‍ക്കും ഞങ്ങള്‍ ജീന്‍സും പാന്റും ഇടുന്നത് ഇഷ്ടമല്ലായിരുന്നു. ഒരു ആര്‍ട്ടിസ്റ്റായി മദ്രാസില്‍ എത്തിയപ്പോള്‍ പോലും ഞാന്‍ ജീന്‍സ് ധരിച്ചിരുന്നില്ല.
ജീന്‍സിടാനൊരു മോഹം
ചെറുപ്പത്തില്‍ 20-22 വയസ് ഒക്കെ ഉള്ളപ്പോള്‍ ജീന്‍സ് ഇടാന്‍ ഞാന്‍ വളരെയധികം ആഗ്രഹിച്ചിട്ടുണ്ട്. പിന്നീട് ഇരുപത്തിയഞ്ചാം വയസില്‍ കല്യാണം കഴിഞ്ഞാണ് ആ ആഗ്രഹം സാധിച്ചത്. നമ്മുടെ ശരീരത്തിന് യോജിച്ച കാഴ്‌ചയില്‍ വൃത്തികേടില്ലാത്ത ഏതൊരു വസ്ത്രവും ധരിക്കാം എന്നതായിരുന്നു എന്റെ ഭര്‍ത്താവിന്റെ പോളിസി. അതുകൊണ്ട് കംഫര്‍ട്ടബിളായി തോന്നുന്നുവെങ്കില്‍ ജീന്‍സ് ധരിച്ചോളു എന്ന് അദ്ദേഹം പിന്തുണ നല്‍കി.
ഗുലാബ് ജാമുന് ബൈ ബൈ
എക്‌സര്‍സൈസ് ചെയ്യുന്നത് പോലെ വെറുപ്പുള്ള കാര്യം എനിക്ക് വേറെയില്ല. പക്ഷേ ജീന്‍സ് ഇടാനായി തൂക്കം കുറയ്ക്കണം. എന്നാല്‍ ചെറുതായി ഡയറ്റ് നോക്കിക്കളയാം എന്ന് തീരുമാനിച്ചു. എനിക്ക് മധുരം വളരെ ഇഷ്ടമായിരുന്നു. ഗുലാബ് ജാമുനും ജിലേബിയും ലഡുവും എല്ലാമായിരുന്നു ഫേവറിറ്റ്. വണ്ണംകുറയ്ക്കാനായി ഞാനിതെല്ലാം ഉപേക്ഷിച്ചു. രണ്ടുവര്‍ഷമായിട്ട് രാത്രിയില്‍ ചോറ് കഴിക്കാറില്ല. രാവിലത്തെ ഭക്ഷണം കഴിക്കാറേയില്ല. പിന്നെ ഒരു ദിവസം 12 ചായ കുടിക്കാറുണ്ട്. ചെറുതായി പാലൊഴിച്ച ചായ. ഇപ്പോള്‍ 63 കിലോ മാത്രമേയുള്ളു. വെയ്‌സ്റ്റ് ലൈന്‍ 32 ഇഞ്ച്. പക്ഷേ കവിളുകള്‍ക്ക് വണ്ണമുള്ളതിനാല്‍ ഫ്രെയിമില്‍ എനിക്ക് ഉള്ളതിലും തടി തോന്നിക്കും.
എനിക്കിഷ്ടം ലിവേയ്‌സ്
ജീന്‍സില്‍ ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ലീവേയ്‌സ് ജീന്‍സാണ്. അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ പോയപ്പോള്‍ വാങ്ങിയതാണ് ജീന്‍സും ടീഷര്‍ട്ടുമെല്ലാം. ഒരുപാട് വിലയുള്ളത് അല്ല എന്നാല്‍ വളരെ സൂക്ഷ്‌മതയോടെയാണ് തെരഞ്ഞെടുക്കുന്നത്. പിന്നെ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഞാന്‍ ടീഷര്‍ട്ടുകള്‍ എടുക്കാറുണ്ട്. 100 രൂപയ്‌ക്ക് നല്ല അടിപൊളി ടീഷര്‍ട്ടുകള്‍ അവിടെ നിന്ന് വാങ്ങിയിട്ടുണ്ട്.
വൈറ്റിനൊപ്പം സില്‍വര്‍
ബ്ലാക്കാണ് എന്റെ ഇഷ്ടനിറം. ബ്ലാക്ക് നിറത്തിലുള്ള വസ്ത്രം ധരിക്കുമ്പോള്‍ ഗോള്‍ഡ് ഓര്‍ണമെന്റ്‌സ് ഇടും. എന്നാല്‍ വൈറ്റ് ടോപ്പുകള്‍ ആണെങ്കില്‍ സില്‍വര്‍ നിറത്തില്‍ കഴുത്തില്‍ ചേര്‍ന്ന് കിടക്കുന്ന മാല ധരിക്കും. (ഞാനത്ര ഫാഷന്‍ കോണ്‍ഷ്യസ് അല്ല, മോളാണ് ഇത്തരം ടിപ്‌സ് തരുന്നത് ). വലിയ കമ്മലും വളയും ധരിക്കുന്നത് ഇഷ്ടമല്ല. കമ്മലായി ചെറിയൊരു സ്റ്റഡ് മാത്രം. വാച്ച് കെട്ടുന്നതും താല്പര്യമില്ല.
കസവിനോട് പ്രിയം
ജീന്‍സ് കഴിഞ്ഞാല്‍ എനിക്ക് ധരിക്കാനിഷ്ടം കസവുവസ്ത്രങ്ങളാണ്. സാരി ഇഷ്ടമല്ല. കസവുസെറ്റും മുണ്ടും ആണ് കൂടുതലും ധരിക്കുന്നത്. ഇത് വണ്ണക്കുറവ് തോന്നിപ്പിക്കുന്ന വസ്ത്രമാണ്. കസവിനൊപ്പം ട്രഡീഷണല്‍ ആഭരണങ്ങളാണ് അണിയാറുള്ളത്. അമ്മ തന്ന നാഗപടത്താലിയും ജിമുക്കിയുമെല്ലാമാണ് കസവിനൊപ്പം ഇടുക. നെറ്റിയില്‍ സില്‍വര്‍ കളറിലോ ഗോള്‍ഡ് കളറിലോ ചെറിയ പൊട്ടുകള്‍ വയ്ക്കാറുണ്ട്. ഹെയര്‍സ്‌റ്റൈലില്‍ പഴയതു തന്നെ. നേരത്തെ തന്നെ സില്‍ക്കിഹെയര്‍ ആയിരുന്നതിനാല്‍ മുടി സ്‌ട്രെയ്‌റ്റന്‍ ചെയ്യേണ്ട ആവശ്യമില്ല.
| Gijimol P


ente sahodhari thankal enthudharichalum athonnum kanikalaya njangalku mosamayithonarilla. Ponninkudathinu pottu thodarillallo