HOME

ഇനി Fishcut സാരിയും

ജീന്‍സും സ്‌കേര്‍ട്ടും ആണ് പഥ്യമെങ്കിലും എപ്പോഴെങ്കിലും ഒന്നു സാരി ചുറ്റി സുന്ദരിയാകാന്‍ ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ ഉടുക്കാനുള്ള പ്രയാസമാണ് പലരെയും സാരിയില്‍ നിന്ന് അകറ്റുന്നത്. അത്തരക്കാര്‍ക്കായി ഇതാ മൂന്നു മോഡേണ്‍ സാരികള്‍.

ഫിഷ്‌കട്ട് സാരി- സാരികളില്‍ പുതുമുഖമാണിത്. ചില കല്യാണത്തിനും നിശ്‌ചയത്തിനു മറ്റും വധുവിനെ ഇപ്പോള്‍  ഫിഷ് കട്ട് സാരിയില്‍ കാണാറുണ്ട്.  പേര് പോലെ തന്നെ മത്സ്യകന്യകമാരെ ഓര്‍മപ്പെടുത്തുന്നതാണ് ഈ സാരി. ഫിഷ് കട്ട് ലഹംഗ പോലെയാണ് ഇതിന്റെ ഡിസൈന്‍. പാവാട പോലെ ഈസിയായി ഇത് ധരിക്കാം.  എന്നാല്‍ ഫിഷ് കട്ട് സ്‌കേര്‍ട്ടില്‍  നിന്ന് വ്യത്യസ്തമായി മുന്‍ഭാഗത്ത് താഴെയായി പ്ലീറ്റുകള്‍ ഉണ്ടാകും.സ്‌കേര്‍ട്ടിനോട് ഘടിപ്പിച്ച സാരിയുടെ ബാക്കിഭാഗം സാധാരണ പോലെ പ്ലിറ്റ് ചെയ്‌ത് ധരിക്കാം. ക്രേപ്, ഷിഫോണ്‍ എന്നീ മെറ്റീരിയലുകളില്‍ ഇവ ലഭിക്കും. പാര്‍ട്ടിവെയറായും ഈ സാരി ഉപയോഗിക്കാം. 20,000-30,000ത്തിനും ഇടയിലാണ് വില.  എന്നാല്‍ പണമുണ്ടായാല്‍ പോര ഈ സാരി ധരിക്കാന്‍ തരക്കേടില്ലാത്ത ബോഡി ഷേപ്പും വേണം.

ലഹംഗ സാരി- 4.5 മീറ്റര്‍ മുതല്‍ 5.5 മീറ്റര്‍ വരെയാണ് ഒരു ലഹംഗ സാരിയുടെ നീളം. ഈ സാരിക്ക് പ്ലീറ്റുകള്‍ ഉണ്ടായിരിക്കില്ല. പാര്‍ട്ടിവെയറായും എന്‍ഗേജ്‌മെന്റിനും ഒക്കെ ഏറെ അനുയോജ്യമാണ് ലഹംഗ സാരി. നീളമുള്ള ഫ്‌ളെയേഡ് സ്‌കര്‍ട്ടാണ് പ്രധാനഭാഗം. ഇതിന്റെ ഒരു വശത്തായി സിബ് പിടിപ്പിച്ചിരിക്കും. ലഹംഗ സാരിയുടെ പല്ലു ലെഹംഗ ചോളിയുടേത് പോലെയായിരിക്കും. സില്‍ക്ക്, ബ്രൊക്കേഡ്, ജോര്‍ജറ്റ്, ഷിഫോണ്‍,ക്രേപ് എന്നീ തുണികളിലുള്ളതാണ് ലഹംഗ സാരി. സില്‍വര്‍, ഗോള്‍ഡന്‍ എംബ്രോയ്ഡറി, മെറ്റല്‍ ബീഡ്‌സ്, പേള്‍, വുഡ് ബീഡ്‌സ്, ഗ്ലാസ് ബീഡ്‌സ്, മിറര്‍ വര്‍ക്ക്, ലേസ് വര്‍ക്ക്, കുന്ദന്‍, സ്വീക്വിന്‍സ്, ഗ്ലിറ്ററിങ്ങ് സ്റ്റോണ്‍സ്, സര്‍ദോസി എന്നിവയില്‍ തീര്‍ത്തതാണ് ലഹംഗ സാരികള്‍. 3000 മുതല്‍ മുകളിലേക്കാണ്  ലഹംഗസാരിയുടെ വില.

ബട്ടര്‍ഫ്‌ളൈ സാരി-ഒരു ചിത്രശലഭത്തിന്റെ ഭംഗിയാണ് ബട്ടര്‍ഫ്‌ളൈ സാരികള്‍ക്ക്. ചിത്രശലഭത്തിന്റെ ചിറകുകള്‍ പോലെയാണ് ഡിസൈന്‍. ഈ സാരിയുടെ പല്ലുവില്‍ ധാരാളം എംബ്രോയ്ഡറി വര്‍ക്കുകള്‍ ഉണ്ടാകും. മുത്ത്, സ്വീക്വന്‍സ് എന്നിവ പിടിപ്പിച്ചതാണ് ഈ പല്ലു. പല്ലു തോളില്‍ വയ്ക്കുന്നിടം റെഡി സ്റ്റിച്ച്ഡ് ആയതിനാല്‍   പ്ലിറ്റ് ചെയ്യേണ്ട ആവശ്യമില്ല.   ത്രഡ് വര്‍ക്കുകളും ഇത്തരം സാരികളില്‍ ധാരാളമുണ്ട്. ഷിഫോണ്‍ മെറ്റീരിയലിലാണ് ബട്ടര്‍ഫ്‌ളൈ സാരികള്‍ കൂടുതലുള്ളത്. റെഡി സ്റ്റിച്ച്ഡ് ഫാന്‍സി ലേസ് ബോര്‍ഡറും ഫ്‌ളോറല്‍ പാറ്റേണുകള്‍ ഉള്ള സ്വീക്വന്‍സുമെല്ലാം ബട്ടര്‍ഫ്‌ളൈ സാരികളുടെ പ്രത്യേകതയാണ്.

വിവരങ്ങള്‍ക്കു കടപ്പാട്: Seematti, Kottayam
Photo courtesy: styleguru.org

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.