Go 4 Gowns
അടുത്ത കാലം വരെ മലയാളികൾക്ക് അത്ര പരിചയമില്ലാത്ത വേഷമായിരുന്നു ഗൗൺ. അപൂർവമായി വല്ല ക്രിസ്ത്യൻ വധുവും ഗൗൺ അണിഞ്ഞാലായി. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി മറിയുകയാണ്. പാർട്ടികളിൽ തിളങ്ങാൻ കൊച്ചു പെൺകുട്ടികൾക്ക് വരെ ഗൗൺ വേണം. അതിലും കൗതുകമുള്ള കാര്യം ഹിന്ദു/ മുസ്‌ലിം വധുവും വിവാഹവേളയിൽ ഒരു ഗൗൺ വാങ്ങുന്നു എന്നതാണ്. കല്യാണത്തിനു ശേഷമുള്ള റിസപ്‌ഷനിലാകും അവർ ഗൗൺ അണിയുന്നതെന്നു മാത്രം. അതു പോലെ നിശ്‌ചയച്ചടങ്ങുകളിലും. മൈലാഞ്ചിയിടൽ ചടങ്ങുകളിലാണ് പലപ്പോഴും മുസ്‌ലിം വധുവിനെ ഗൗണിൽ കാണുന്നത്. ഇതേ സമയം ക്രിസ്‌ത്യൻ വധു വിവാഹച്ചടങ്ങുകൾക്ക് ഗൗൺ ധരിച്ച ശേഷം പാർട്ടിയിൽ മന്ത്രകോടിസാരിയിൽ തിളങ്ങും.
ഗൗണിന്റെ നിറത്തിലുമുണ്ട് വ്യത്യാസം. ക്രിസ്‌ത്യൻ വധു വെള്ള, ക്രീം തുടങ്ങിയ നിറങ്ങൾ മാത്രമേ തെരഞ്ഞെടുക്കാറുള്ളൂ. എന്നാൽ കടും നിറങ്ങളിലുള്ള ഗൗണുകളോടും ഒരു വിരോധവുമില്ല ഹിന്ദു, മുസ്‌ലിം സുന്ദരികൾക്ക്. എന്തായാലും ഗൗണുകൾക്കുള്ള ഈ ഡിമാൻഡ് കണക്കിലെടുത്ത് പല തുണിക്കടകളിലും ഇപ്പോൾ ഗൗണുകളുടെ നല്ല ശേഖരമുണ്ട്. ചൂടും പൊടിയും അല്ലെങ്കിൽ മഴയുമുള്ള നമ്മുടെ കാലാവസ്ഥയിൽ ഗൗണുകൾ അത്ര നല്ല ചോയ്‌സല്ല, പ്രത്യേകിച്ചും കൊച്ചുകുട്ടികൾക്ക്. എന്നാൽ മക്കളെ രാജകുമാരിമാരെ പോലെ കാണാനുള്ള മോഹം മൂലം പല മാതാപിതാക്കളും അതു മറക്കുന്നു.
| Zeba

